ധർമടം കോട്ട തലശ്ശേരിയേക്കാൾ പുരാതനം
text_fieldsധർമടം കോട്ട
തലശ്ശേരി: തലശ്ശേരി കോട്ടയേക്കാൾ കാലപ്പഴക്കമേറിയതാണ് ധർമടം ഗവ. ബ്രണ്ണൻ കോളജ് കോമ്പൗണ്ടിലെ കോട്ടയെന്ന് കണ്ടെത്തൽ. തലശ്ശേരി കോട്ടക്ക് 313 വർഷത്തെ പഴക്കമാണെങ്കിൽ അതിനേക്കാൾ 40 വർഷം കൂടുതൽ പഴക്കമുണ്ട് ധർമടം കോട്ടക്ക്. അതായത് 353 വർഷത്തെ പഴക്കം.
ബ്രിട്ടീഷുകാർ 1668ലാണ് കോട്ട പണിതതെന്ന് കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിലെ നരവംശശാസ്ത്ര വകുപ്പ് മേധാവി ഡോ. എം.എസ്. മഹേന്ദ്രകുമാറാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. കൊൽക്കത്തയിൽനിന്നുള്ള ഏഷ്യാറ്റിക് സൊസൈറ്റി ജേണലിെൻറ പുതിയ ലക്കത്തിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. തലശ്ശേരിക്കുമുമ്പ് ബ്രിട്ടീഷുകാരുടെ വ്യാപാരകേന്ദ്രം ധർമപട്ടണമായിരുന്നുവെന്ന് തെളിയുകയാണിവിടെ.
ധർമടം കോട്ടയുടെ അവശിഷ്ടങ്ങളിൽ ബ്രിട്ടീഷ് നിർമാണ രീതികൾ കാണാമെന്ന് മഹേന്ദ്രകുമാർ നിരീക്ഷിക്കുന്നു. കോട്ടയുടെ കല്ലുകൾ ഉറപ്പിച്ച വെള്ള കുമ്മായക്കൂട്ടിൽ (കക്ക നീറ്റിയുണ്ടാക്കിയ കുമ്മായം) കക്കയുടെ തോടുകൾ ഇപ്പോഴും കാണാം. ദ്വീപായ ധർമടത്ത് കുരുമുളക് ധാരാളം ലഭിച്ചിരുന്നതാകാം ബ്രിട്ടീഷുകാരെ ഇവിടേക്ക് ആകർഷിച്ചത്. ഉയർന്ന കുന്നിൽനിന്ന് ചുറ്റുപാടും കാണാമായിരുന്നു. അഞ്ചരക്കണ്ടിപ്പുഴയിലൂടെ ജലഗതാഗത സൗകര്യവുമുണ്ടായിരുന്നു.
ബോംബെ ഗവർണറായിരുന്ന ജെറാൾഡ് ആംഗീർ 1666ലാണ് ധർമടത്ത് കച്ചവടകേന്ദ്രം ആരംഭിക്കാൻ അനുമതിതേടി ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയുടെ സൂറത്ത് ആസ്ഥാനത്തേക്ക് കത്തയച്ചത്. കത്തിന് മറുപടി ലഭിച്ചതായി രേഖകളില്ല. 1668 ജൂലൈയിൽ കോഴിക്കോട്ടുണ്ടായിരുന്ന, കച്ചവടകേന്ദ്രം തലവൻ അലക്സാണ്ടർ ഗ്രിഗ്ബിയും സംഘവും ധർമടത്ത് കോട്ട നിർമിക്കുകയായിരുന്നു. 1669 മുതൽ എട്ട് വർഷമേ ധർമടത്തുനിന്ന് സുഗന്ധദ്രവ്യങ്ങൾ കയറ്റിയയച്ചുള്ളൂ.
ധർമടം പിടിക്കാൻ കോലത്തിരി, കോട്ടയം, അറക്കൽ രാജവംശങ്ങൾ തമ്മിൽ തുടരെയുണ്ടായ യുദ്ധത്തിൽ കോട്ടയുടെ പടിഞ്ഞാറെ മതിലും വടക്കെ മതിലും തകർന്നതോടെ കച്ചവട കേന്ദ്രത്തിലെ പ്രവർത്തനം നിർത്താൻ 1677ൽ സൂറത്ത് കൗൺസിൽ ഉത്തരവിട്ടു. കച്ചവടം കോഴിക്കോട്ടേക്കും താനൂരിലേക്കും മാറ്റി. 1682ൽ ഫ്രഞ്ചുകാർ തലശ്ശേരിയിൽനിന്ന് പിന്മാറിയശേഷമാണ് കോലത്തിരി രാജാവിെൻറ അനുവാദത്തോടെ ബ്രിട്ടീഷുകാർ തലശ്ശേരി കേന്ദ്രമാക്കി കച്ചവടം തുടങ്ങിയത്. 1708ലാണ് തലശ്ശേരിയിൽ കോട്ട നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

