ധനകോടി ചിട്ടിതട്ടിപ്പ്; ആശങ്ക മാറാതെ നിക്ഷേപകർ
text_fieldsതലശ്ശേരി: ധനകോടി ചിട്ടിതട്ടിപ്പ് കേസുകളുടെ തുടരന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം ഏറ്റെടുത്തെങ്കിലും നിക്ഷേപകർക്കുള്ള പണം തിരിച്ചുകിട്ടുമോ എന്ന കാര്യത്തിൽ ആശങ്ക. നിലവിൽ ലഭിച്ച പരാതികളിൽ മാത്രമാണ് പലയിടത്തും പൊലീസ് കേസെടുത്തത്. പുതിയ പരാതികൾ വരുന്നതിനിടയിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സുൽത്താൻ ബത്തേരി ആസ്ഥാനമായി നാല് ജില്ലകളിലാണ് ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ശാഖകൾ പ്രവർത്തിച്ചിരുന്നത്. 22 ബ്രാഞ്ചുകളിലൂടെ സമാഹരിച്ച കോടിൾ തട്ടിയെടുത്തതായാണ് വിവരം. എം.ഡി ഉൾപ്പെടെ എട്ട് ഡയറക്ടർമാർ മുങ്ങിയതോടെയാണ് സാമ്പത്തികത്തട്ടിപ്പ് വിവരം പുറത്തുവന്നത്.
കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 500ഓളം നിക്ഷേപകർക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയിൽ പൊലീസ് കേസെടുത്തതോടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ സജി സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ എന്നിവർ സുൽത്താൻ ബത്തേരി പൊലീസിൽ കീഴടങ്ങി. മുൻ എം.ഡിയും നിലവിൽ ഡയറക്ടർ ബോർഡ് അംഗവുമായ യോഹന്നാൻ മറ്റത്തിലിനെ ബത്തേരി പൊലീസ് കർണാടകയിലെ കോലാറിൽ നിന്ന് പിടികൂടി. മൂവരും ഇപ്പോൾ റിമാൻഡിലാണ്. തട്ടിപ്പ് പുറത്തായതോടെ അപ്രത്യക്ഷരായ ഡയറക്ടർമാരിൽ അഞ്ചുപേരെ കുറിച്ച് ഒരു വിവരവുമില്ല. സുൽത്താൻ ബത്തേരി, പനമരം, മൂന്നാനക്കുഴി ഭാഗത്തുള്ളവരാണ് ഡയറക്ടർമാർ.
2007ലാണ് ഇവർ ധനകോടി ചിറ്റ്സ് എന്ന ചിട്ടിക്കമ്പനി തുടങ്ങിയത്. അനേകം നിക്ഷേപകരെ കിട്ടിയതോടെ സ്ഥാപനം പടിപടിയായി വളർന്ന് നിരവധി ശാഖകളായി. 2018ൽ ധനകോടി നിധി എന്ന പേരിൽ സഹോദര സ്ഥാപനം തുടങ്ങി. കോവിഡ് വ്യാപന കാലംവരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഇതിൽ പിന്നീടാണ് സാമ്പത്തിക ക്രമക്കേട് ഉണ്ടായത്. തലശ്ശേരി ചിറക്കര ടി.സി മുക്കിൽ എ.ആർ. കോംപ്ലക്സിലാണ് ഒരു ശാഖ പ്രവർത്തിച്ചിരുന്നത്. ഇവിടെ തട്ടിപ്പിനിരയായ 78ഓളം പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വാടിയിൽ പീടിക, തിരുവങ്ങാട്, ധർമടം, പെരളശ്ശേരി, പൊന്ന്യം, എരഞ്ഞോളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് പരാതിക്കാരിലേറെയും. തലശ്ശേരി പൊലീസ് കേസെടുത്തതിന് പുറമെ ഉപഭോക്തൃ കോടതിയിലും പരാതി നൽകിയവരുണ്ട്. പരാതിക്കാരിൽ കൂടുതലും വിരമിച്ച ഉദ്യോഗസ്ഥരാണ്. മറ്റൊരു ധനകാര്യ സ്ഥാപനവും നൽകാത്ത ഉയർന്ന പലിശയാണ് ധനകോടി ചിറ്റ്സ് വാഗ്ദാനം ചെയ്തത്. ഓട്ടോ ഡ്രൈവർമാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെയുള്ള നിത്യവരുമാനക്കാരും ചിട്ടിയിൽ ചേർന്ന് പണം നഷ്ടപ്പെട്ടവരിലുണ്ട്. കേസും അറസ്റ്റും അന്വേഷണവും പുരോഗമിക്കുമെങ്കിലും നഷ്ടപ്പെട്ട പണം എന്ന് തിരിച്ചുകിട്ടുമെന്ന ആശങ്ക എല്ലാവരിലുമുണ്ട്. തട്ടിപ്പ് നടത്തി മുങ്ങിയ ഡയറക്ടർമാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നീക്കവുമുണ്ടെന്ന് സൂചനയുണ്ടെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

