പൊന്ന്യം നേന്ത്രപ്പഴ കൃഷിയിൽ ഇടിവ്
text_fieldsപൊന്ന്യത്തെ നേന്ത്രവാഴകൃഷി
തലശ്ശേരി: രുചിയിലും നിറത്തിലും കാഴ്ചയിലും ഏറെ പ്രസിദ്ധമാണ് പൊന്ന്യം നേന്ത്രപ്പഴം. പൊന്ന്യത്തും ചുണ്ടങ്ങാപ്പൊയിലിലും കുണ്ടുചിറയിലും ചമ്പാടുമൊക്കെയായി ഏകദേശം 60 ഹെക്ടറോളം സ്ഥലത്ത് പൊന്ന്യം നേന്ത്രപ്പഴം നേരത്തെ കൃഷി ചെയ്തിരുന്നു. എന്നാൽ, പല കാരണങ്ങളാൽ ഇന്ന് വാഴകൃഷി 40 ഹെക്ടറിലായി ചുരുങ്ങി. മഴയെ ആശ്രയിച്ചാണ് പലരും വാഴകൃഷി ചെയ്തുവരുന്നത്. അതിനാൽ, വിളവെടുപ്പും ഏറക്കുറെ ഒരേ സമയത്താണ്.
തൃശ്ശിനാപ്പള്ളിയിൽനിന്നും വയനാട്ടിൽനിന്നുമൊക്കെ വരുന്ന നേന്ത്രപ്പഴം കിലോ 30ഉം 40ഉം രൂപക്ക് ലഭിക്കുമ്പോൾ പൊന്ന്യം നേന്ത്രന് 65ഉം 70ഉം രൂപയാണ് ഇന്ന് മാർക്കറ്റ് വില. വാഴകൃഷി കൊണ്ടുമാത്രം ഉപജീവനം കഴിയുന്ന എത്രയോ കുടുംബങ്ങൾ ഇന്നും ഈ പ്രദേശത്തുണ്ട്. പരമ്പരാഗതമായ കൃഷിരീതിയാണ് ഏറെയും ഇവിടെ പിന്തുടരുന്നത്. വാഴപ്പഴത്തിന്റെ നിറവും രുചിയുമൊക്കെയാണ് പൊന്ന്യം നേന്ത്രപ്പഴത്തെ വേറിട്ടതാക്കുന്നത്. ദൂരസ്ഥലങ്ങളിൽനിന്നുപോലും നേന്ത്രപ്പഴത്തിനായി ആവശ്യക്കാർ പൊന്ന്യത്തേക്ക് എത്താറുണ്ട്. മുൻകാലങ്ങളിൽ, ഇവിടെ ഉൽപാദിപ്പിക്കുന്ന വാഴക്കന്നുകൾ കൃഷിക്കാർ പരസ്പരം കൈമാറ്റം ചെയ്താണ് കൃഷി വ്യാപിപ്പിച്ചിരുന്നത്. നേരത്തെ 100 വാഴ വിളവെടുത്താൽ 400ഉം 500ഉം ഒക്കെ കന്നുകൾ ലഭിക്കുമായിരുന്നു. ഇതും കൃഷിക്കാർക്ക് വരുമാനമാർഗമായിരുന്നു.
എന്നാൽ, ഇന്ന് 100 വാഴയിൽനിന്ന് 50ഉം 60ഉം കന്നുകൾ മാത്രമാണ് ലഭിക്കുന്നത്. ഇത് മാറ്റി നട്ടാൽ മുളച്ചുവരുന്നതിൽ 30 ശതമാനത്തിലേറെ കന്നുകൾ നശിച്ചുപോകുന്നതായാണ് കൃഷിക്കാർ പറയുന്നത്. ആവശ്യത്തിന് കന്നുകൾ പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്ത കന്നുകളാണ് പലരും ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ഇതുവഴി പല രോഗങ്ങളും വ്യാപിക്കുന്നതായാണ് കർഷകരുടെ അനുഭവം.
രാസവളങ്ങളുടെ വിലക്കയറ്റവും ആവശ്യത്തിന് തൊഴിലാളികളെ യഥാസമയം ലഭിക്കാത്തതും കൂലിച്ചെലവും കാരണം ഇന്ന് വാഴകൃഷി ലാഭകരമല്ലാത്ത അവസ്ഥയിലാണ്. ഒരു വാഴക്ക് 10 മാസത്തോളം നീണ്ടുനിൽക്കുന്ന പരിചരണത്തിനിടയിൽ 350 രൂപയോളം ചെലവുവരും. താങ്ങുകാൽ ഇനത്തിലാണ് വലിയ തുക ചെലവുവരുന്നത്. 80ഉം 100ഉം രൂപ കൊടുത്ത് വാങ്ങുന്ന താങ്ങുകാൽ ഒന്നോ രണ്ടോ വർഷം മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. വെള്ളപ്പൊക്കവും കാറ്റും പോലെയുള്ള പ്രകൃതിക്ഷോഭം കൊണ്ടുണ്ടാകുന്ന നഷ്ടം വേറെ. ഇതിനെയൊക്കെ തരണം ചെയ്താൽ കൃഷിക്കാരന് പത്തുമാസം കൊണ്ട് ലഭിക്കുന്നത് ഒരു വാഴയിൽനിന്ന് അമ്പതോ നൂറോ രൂപയാണ്.
ഭീഷണിയായി തണ്ടുതുരപ്പൻ പുഴു
വാഴകൃഷിക്കാരെ വെട്ടിലാക്കി തണ്ടുതുരപ്പൻ പുഴുവിന്റെ ആക്രമണം. വാഴയുടെ പുറംപോളകളിൽ വണ്ടുകൾ വന്ന് മുട്ടയിടുകയും നാലഞ്ച് ദിവസംകൊണ്ട് മുട്ടവിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കൾ പോളയുടെ ഭാഗംതിന്ന് പിണ്ടിയിലേക്ക് കടക്കുകയും ചെയ്യും.
തുടർന്ന് വാഴ ഒടിഞ്ഞുപോവും. നേരത്തെ ഇതിനെതിരെ വേപ്പിൻ പിണ്ണാക്ക്, സോപ്പ് ചീളുകൾ ഒക്കെ ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ അവ ഫലിക്കാത്ത അവസ്ഥയാണെന്ന് കർഷകനായ പൊന്ന്യം പാലത്തെ കെ. നൂറുദ്ദീൻ പറഞ്ഞു. പുഴുവിന്റെ ആക്രമണം കുലത്തണ്ടിനെ ബാധിച്ചാൽ മൂപ്പെത്തുന്നതിനുമുമ്പ് കുല വാടലേറ്റ് ഒടിഞ്ഞുപോകുന്നു. ഇങ്ങനെ പാകമാകുന്നതിനുമുമ്പേ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്ന വാഴക്കുലകൾ പല തോട്ടത്തിലും കാണാം.
കന്നുകൾ നശിക്കാൻ കാരണം പ്രധാനമായും മാണവണ്ടിന്റെ ആക്രമണമാണ്. കന്ന് നട്ടാൽ കൂമ്പില വിരിയാൻ താമസിക്കുകയും വിരിഞ്ഞാൽ തന്നെ വാടിക്കരിഞ്ഞ് പോവുകയും ചെയ്യുന്നു. മാണവണ്ടിന്റെയും തണ്ടുതുരപ്പൻ വണ്ടിന്റെയും ആക്രമണം രണ്ടുമൂന്ന് വർഷമായി കഠിനമാണ്. കൂടാതെ ഇലപ്പുള്ളി രോഗവും മൊസേക്ക് രോഗവും വ്യാപകമാണ്.
കൃഷിഭവന് മൗനം
പൊന്ന്യത്തെ നേന്ത്രവാഴ കൃഷി പ്രോത്സാഹിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് ഇടപെടുന്നത് കൃഷിക്കാർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പൊന്ന്യം നേന്ത്രന് ഭൗമസൂചിക പദവി ലഭിക്കാനാവശ്യമായ പ്രാഥമിക ഇടപെടൽ നടത്തിവരുകയാണ്.
എന്നാൽ, കൃഷിഭവൻ മൗനം പുലർത്തുന്നതിൽ കർഷകർക്ക് പരിഭവമുണ്ട്. അഞ്ചെട്ട് വർഷമായി കതിരൂർ കൃഷിഭവനിൽ സ്ഥിരം കൃഷി ഓഫിസറോ ആവശ്യത്തിന് ജീവനക്കാരോ ഇല്ല. കാർഷിക സർവകലാശാലയിലെ കൃഷിശാസ്ത്രജ്ഞരുടെ അടിയന്തര ഇടപെടലും ഫലപ്രദമായ പരിഹാര മാർഗങ്ങളും കണ്ടെത്താൻ ഉടൻ കഴിഞ്ഞില്ലെങ്കിൽ വാഴകൃഷിയിൽ പൊന്ന്യത്തിന്റെ പെരുമ നഷ്ടപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

