തലശ്ശേരി ബസ്സ്റ്റാൻഡിൽ സീലിങ് അടർന്നുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
text_fieldsതലശ്ശേരി: ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സീലിങ് അടർന്നുവീണ് വീണ്ടും അപകടം. ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ പൊന്ന്യം പുല്യോടിയിലെ ഫാത്തിമയിൽ പി.പി. ഹംസ - റഹ്മത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ഹംസ (17), ചിറക്കര പള്ളിത്താഴയിലെ ഇംത്യാസ് അഹമ്മദ് - സിമിന ദമ്പതികളുടെ മകൻ മുഹമ്മദ് അൽ ഫിസാൻ (17) എന്നിവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്ക് വിധേയരാക്കി.
മുഹമ്മദ് ഹംസയുടെ തലയിൽ മൂന്നോളം മുറിവുകളുണ്ട്. പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് ഇരുവരും. ഫിസാൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഫിസാന്റെ തലയും മുഴച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റാൻഡിൽ കൂത്തുപറമ്പ് ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് അപകടം. പാസഞ്ചർ ലോബി കെട്ടിടത്തിലെ സിമന്റ് പാളി അടർന്ന് വിദ്യാർഥികളുടെ തലയിൽ പതിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സ്കൂളിലെ അധ്യാപകരാണ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചത്. സീലിങ് അടർന്നുവീണ് പാസഞ്ചർ ലോബിയിലെ വ്യാപാരികളടക്കം നിരവധിയാളുകൾക്ക് ഇതിന് മുമ്പും പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

