മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി കാർ തട്ടിയെടുക്കാൻ ശ്രമം
text_fieldsതലശ്ശേരി: ഡ്രൈവർക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി കാർ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ എരഞ്ഞോളി ചുങ്കം കുന്നുകുളങ്ങര വീട്ടിൽ കെ. സത്യനെയാണ് അജ്ഞാതൻ അപായപ്പെടുത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരക്കാണ് കോഴിക്കോട്ടേക്ക് പോകാനായി 25 വയസ്സ് തോന്നിക്കുന്നയാൾ കാർ പിടിച്ചത്. പിറ്റേന്ന് പുലർച്ച ഒന്നരയോടെ കോഴിക്കോട് ബൈപാസിലെ അത്തോളി ജങ്ഷനിൽ അർധബോധാവസ്ഥയിലാണ് ഡ്രൈവറെ കണ്ടെത്തിയത്.
പയ്യോളി കഴിഞ്ഞ ഉടൻ യാത്രക്കാരൻ നൽകിയ കോള കഴിച്ചതോടെ അർധബോധാവസ്ഥയിലാവുകയും ഛർദിക്കുകയും ചെയ്തതായി സത്യൻ പറഞ്ഞു. തുടരെ ഛർദിച്ച് ശരീരം തളർന്നതോടെ യുവാവാണ് കാർ ഓടിച്ചത്. കാർ രണ്ടിടത്ത് ഇടിക്കുന്ന ശബ്ദം കേട്ടിരുന്നു. കണ്ണ് തുറക്കാനോ സംസാരിക്കാനോ വയ്യാത്ത സ്ഥിതിയിലായിരുന്നു. വെള്ളം വാങ്ങി വരാമെന്ന് പറഞ്ഞുപോയ യുവാവിനെ പിന്നെ കണ്ടിട്ടില്ല. ഇതിനിടെ എവിടെയോെവച്ച് കാറിെൻറ ടയർ മാറ്റിയതായി സത്യൻ ഓർക്കുന്നു. രാത്രി പത്തോടെയാണ് ബന്ധുക്കളെ വിളിച്ചത്.
വീട്ടുകാരെ എന്തോ പറഞ്ഞ് ഒപ്പിച്ചതായി സത്യൻ പറഞ്ഞു. കാറിന് സാരമായ കേടുപാടുണ്ടായിട്ടുണ്ട്. എലത്തൂർ പൊലീസിൽ പരാതി നൽകി.

