പാറാലിൽ സി.പി.എം പ്രവർത്തകർക്കുനേരെ ആക്രമണം
text_fieldsപാറാലിൽ ആക്രമണത്തിൽ പരിക്കേറ്റ
സി.പി.എം പ്രവർത്തകർ
തലശ്ശേരി: കോടിയേരി പാറാലിൽ സി.പി.എം പ്രവർത്തകർക്കുനേരെ വധശ്രമം. ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.40 ഓടെ മാഹി ചെമ്പ്രയിൽനിന്ന് ആയുധവുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ് പരിക്ക്. സുജനേഷിന്റെ കൈ എല്ല് പൊട്ടി. തലക്കും വെട്ടേറ്റു.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ കഴിഞ്ഞദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ് ആക്രമിച്ച് രണ്ട് പ്രവർത്തകരെ വെട്ടിയിരുന്നു.
തലശ്ശേരി ടൗണിൽ ആഹ്ലാദപ്രകടനത്തിനിടെ സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടയിൽ ബി.ജെ.പി പ്രവർത്തകന്റെ കൈവിരലുകളും കഴിഞ്ഞ ദിവസം ചിതറി തെറിച്ചിരുന്നു. ഇതിന് പിറകെയാണ് പാറാലിൽ രണ്ടുപേരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ചെമ്പ്രയിലെ സി.പി.എം അനുഭാവികളുടെ വീടുകളിൽ കയറി ഭീഷണിയുമുണ്ടായി.

