കൊടുവള്ളി റെയിൽവേ ഗേറ്റിൽ വീണ്ടും അപകടം
text_fieldsലോറിയിടിച്ച് തകർന്ന കൊടുവള്ളി റെയിൽവേ ഗേറ്റ്
മെക്കാനിക്കൽ ജീവനക്കാർ നേരെയാക്കുന്നു
തലശ്ശേരി: ദേശീയപാതയോട് ചേർന്നുള്ള കൊടുവള്ളി റെയിൽവേ ഗേറ്റിൽ വീണ്ടും അപകടം. തമിഴ്നാട്ടിൽനിന്നെത്തിയ ചരക്കുലോറിയാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. റോഡിന്റെ കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ടോടിയ ലോറി റെയിൽവേ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഇതോടെ റോഡ് -റെയിൽ ഗതാഗതം കുരുക്കിലായി. നഗരത്തിലെ ഗതാഗത സംവിധാനം മണിക്കൂറുകളോളം താളംതെറ്റി. ഇടിയുടെ ആഘാതത്താൽ ഗേറ്റിന്റെ ലോക്ക് തകർന്നതിനാൽ സിഗ്നൽ നൽകാൻ കഴിയാത്തതിനാൽ ട്രെയിനുകളുടെ യാത്രയും വൈകി.
നിറയെ ലോഡുമായി മമ്പറം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഗേറ്റ് കടന്ന് കയറ്റം കയറുന്നതിനിടയിലുള്ള ഹമ്പിൽ കയറുമ്പോൾ ലോറി മുന്നോട്ടു പോവാതെ പിന്നോട്ടുവന്ന് ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഗേറ്റ് ലോക്കാക്കുന്ന തൂണിനാണ് ലോറിയിടിച്ചത്. ഇതോടെ ലോക്ക് സംവിധാനവും ട്രെയിൻ കടന്നുപോവാനായി നൽകേണ്ട സിഗ്നൽ സംവിധാനവും തകരാറിലായി.
കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്ക് പോവേണ്ട ട്രെയിനുകൾ സിഗ്നൽ ലഭിക്കാത്തതിനാൽ ഔട്ടറിൽ നിന്നു. പിന്നീട് റെയിൽവേ ജീവനക്കാർ ഇരു ഭാഗങ്ങളിലുമെത്തി പച്ചക്കൊടി വീശി കടത്തിവിടുകയായിരുന്നു.
അശ്രദ്ധമായി വാഹനം ഓടിച്ച് ഗേറ്റ് തകർത്ത സംഭവത്തിൽ ആർ.പി.എഫ് കേസെടുത്തു. ആർ.പി.എഫ് എസ്.ഐ പി.വി. മനോജ് കുമാറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊടുവള്ളി ഗേറ്റിൽ വാഹനമിടിക്കുന്ന സംഭവങ്ങൾ പതിവാകുകയാണ്. ഇതിന് മുമ്പും നിരവധി തവണ ഇവിടെ അപകടമുണ്ടായിട്ടുണ്ട്. ഗേറ്റ് ദേശീയപാതയോട് ചേർന്നുകിടക്കുന്നതിനാൽ അപകടം ഉണ്ടാകുമ്പോൾ കണ്ണൂർ-തലശ്ശേരി ഭാഗത്തേക്കുളള യാത്ര മണിക്കൂറുകളോളം ദുഷ്കരമായി മാറുന്ന അവസ്ഥയാണ്. റെയിൽവേ മെക്കാനിക്കൽ ജീവനക്കാരെത്തി തകരാർ പരിഹരിച്ച ശേഷം ഉച്ച കഴിഞ്ഞാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.c
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

