ചിറക്കരയിൽ അപകടം കൂടുന്നു; വേഗം നിയന്ത്രിക്കാൻ നടപടി വേണം
text_fieldsതലശ്ശേരി: ചിറക്കരയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നതായി നഗരസഭ കൗൺസിൽ യോഗത്തിൽ അംഗത്തിന്റെ പരാതി. തലശ്ശേരി-കൂത്തുപറമ്പ് റൂട്ടിലേക്കുള്ള യാത്രയിൽ ഏറെ തിരക്കേറിയതാണ് ചിറക്കര റോഡ്.
തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ വളരെ വേഗതയിലാണ് ഓടിച്ചു പോവുന്നതെന്നും ഇവിടെ വേഗത നിയന്ത്രിക്കുന്നതിനായി റോഡ് സൈഡ് ബാരിയർ അടിയന്തരമായി സ്ഥാപിക്കണമെന്നും മുസ്ലിം ലീഗ് അംഗം ടി.വി. റാഷിദ യോഗത്തിൽ ആവശ്യപ്പെട്ടു. അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ട്രാഫിക് പൊലീസുമായി കൂടിയാലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണി മറുപടി നൽകി. തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള റോഡിൽ പൊട്ടി വീണ തൂൺ നീക്കാത്തതിനാൽ കുട്ടികൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നുണ്ട്. ഇത് മാറ്റാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് കൗൺസിലർ ഇ. ആശ ആവശ്യപ്പെട്ടു.
തലശ്ശേരി ജനറൽ ആശുപത്രിയിൽ അടിയന്തര സാഹചര്യങ്ങളിൽ പോലും ശസ്ത്രക്രിയകൾ ചെയ്യുന്നില്ലെന്നും രോഗികളെ പരിയാരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്ക് പോവാൻ നിർദേശിക്കുകയാണെന്നും ബി.ജെ.പി അംഗം കെ. ലിജേഷ് പറഞ്ഞു. നഗരത്തിൽ ചരിത്ര പ്രാധാന്യമുള്ള ആസാദ് ലൈബ്രറി നിലവിലുള്ള സ്ഥലത്ത് നിന്ന് ബീച്ച് റോഡിലെ നഗരസഭ കെട്ടിടത്തിലേക്ക് മാറ്റുന്നത് പരിശോധിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഗുണ്ടർട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറി തീരദേശ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് മാറ്റി സ്ഥാപിക്കുന്നതെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി. 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തലശ്ശേരി കോടതി സമുച്ചയം ഉദ്ഘാടനത്തിൽ വാർഡ് കൗൺസിലർ ടി.പി. ഷാനവാസിനെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഫൈസൽ പുനത്തിൽ പറഞ്ഞു. 2023ലെ ബൊക്കാഷി ബക്കറ്റ് വിതരണം 2025 ആയിട്ടും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും എന്ത് നടപടിയാണ് നഗരസഭ സ്വീകരിച്ചതെന്നും കോൺഗ്രസിലെ സി. പ്രശാന്തൻ ചോദിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന ടെലിഫോൺ തൂണുകൾ മാറ്റാൻ ബന്ധപ്പെട്ടവർക്ക് കത്ത് നൽകും. ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ സംബന്ധിച്ച കാര്യങ്ങൾ ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തും. കോടതി സമുച്ചയം ഉദ്ഘാടനത്തിൽ കൗൺസിലറെ ഉൾപ്പെടുത്താത്തത് സംബന്ധിച്ച പരാതി ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും ചെയർപേഴ്സൻ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

