അബു-ചാത്തുക്കുട്ടി സ്മരണകളിൽ തലശ്ശേരി ജവഹർഘട്ട്
text_fieldsകാടുമൂടിയ തലശ്ശേരി കടൽത്തീരത്തെ ജവഹർഘട്ട്
തലശ്ശേരി: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ രക്തപങ്കിലമായ ഓർമകൾക്ക് ഇന്ന് തലശ്ശേരിയിലെ ജവഹർഘട്ടിൽ 85ാം ആണ്ട്. 1940 സെപ്റ്റംബർ 15നാണ് ബ്രിട്ടീഷ് പൊലീസിന്റെ വെടിയേറ്റ് പാലയാട് ചിറക്കുനിയിലെ മുളിയിൽ ചാത്തുക്കുട്ടിയും മമ്പറം പാതിരിയാട്ടെ അബുവും ജവഹർഘട്ട് കടൽത്തീരത്ത് മരിച്ചത്.
ഇടതുപക്ഷത്തിന് മുൻ കൈയുണ്ടായിരുന്ന അന്നത്തെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം സാമ്രാജ്യത്വവിരുദ്ധ ദിനാചരണത്തിന് കടപ്പുറത്തെത്തിയതായിരുന്നു ഇരുവരും. ഇവർ ഉൾപ്പെടെ ജനക്കൂട്ടം വൈകീട്ട് പൊതുയോഗം ചേർന്ന് ദേശീയപതാക ഉയർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, യോഗത്തിന് പൊലീസ് അതുമതി നൽകിയില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇത് വക വെക്കാതെ ജനം പലവഴിയിലൂടെ കടൽത്തീരത്തെത്തി.
കൂട്ടത്തിലുള്ള നേതാക്കൾ പ്രസംഗം തുടങ്ങിയതോടെ പൊലീസെത്തി. പിന്നീട് അനിയന്ത്രിത ബഹളമായി. വളന്റിയർമാരും പൊലീസും ഏറ്റുമുട്ടി. കർഷക വളന്റിയർമാർ പലരും ലാത്തിയടിയേറ്റു വീണു. ജനങ്ങളുടെ കല്ലേറിൽ ചില പൊലീസുകാർക്കും പരിക്കേറ്റു. തുടർന്നായിരുന്നു വെടിവെപ്പ്. അബുവും ചാത്തുക്കുട്ടിയും ഇവിടെ വെടിയേറ്റു വീണ് മരിച്ചു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് രക്തസാക്ഷികളായിരുന്നു ഇവർ. ഈ സമരത്തിന്റെ ഓർമക്കായി കമ്യൂണിസ്റ്റ് പാർട്ടികൾ എല്ലാ വർഷവും സെപ്റ്റംബർ 15ന് അബു-ചാത്തുക്കുട്ടി രക്തസാക്ഷി ദിനമായി ആചരിച്ചുവരുകയാണ്.
സ്വാതന്ത്ര്യസമരത്തെ ചുവപ്പിച്ച ജവഹർഘട്ട് സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും ചെലവഴിച്ച ലക്ഷങ്ങൾ പാഴായ കാഴ്ചയാണ് ഇന്നിവിടെയുള്ളത്. കരിങ്കൽ പാകിയ ഇരിപ്പിടങ്ങൾ പൊട്ടിയിളകി. വൈദ്യുതി വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും നോക്കുകുത്തിയായി. പരിപാലനമില്ലാതായതോടെ ആരും തിരിഞ്ഞു നോക്കാതായി. രാപകൽ മദ്യം, ലഹരി വിൽപനയാണ് ഇവിടെ നടക്കുന്നത്. സ്വാതന്ത്ര്യ സമരപോരാട്ട ഭൂമിയെ തിരിച്ചറിയാൻ നീണ്ട 85 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു സ്മാരകശിലപോലും ജവഹർഘട്ടിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

