തലശ്ശേരി നഗരം മാലിന്യമുക്തമല്ല...
text_fieldsതലശ്ശേരി എൻ.സി.സി റോഡിലെ പറമ്പുകളിൽ കൂട്ടിയിട്ട മാലിന്യം
തലശ്ശേരി: കടൽ തീരങ്ങളിലും പുഴക്കരയിലും മാത്രമല്ല, നഗരത്തിലെ പാതയോരത്തും പറമ്പുകളിലുമെല്ലാം ആളുകൾ മാലിന്യം വലിച്ചെറിയുകയാണ്. നഗരം മാലിന്യമുക്തമാക്കാനുള്ള നഗരസഭയുടെ കൊണ്ടുപിടിച്ച ശ്രമം ഇതുകാരണം എങ്ങുമെത്തുന്നില്ല. നഗരത്തിൽ മാലിന്യം നിറഞ്ഞ കാഴ്ചകളാണ് എവിടെയും. സദാസമയവും ആൾപെരുമാറ്റമുള്ള എൻ.സി.സി റോഡിലെ ആളൊഴിഞ്ഞ പറമ്പുകളിൽ മാലിന്യക്കൂമ്പാരമാണുള്ളത്. നഗരത്തിലേതിന് സമാനമായി നാട്ടിൻപുറങ്ങളിലും എവിടെയും മാലിക്കൂമ്പാരങ്ങളാണ്.
മാലിന്യം തളളുന്നവരെ കണ്ടെത്താനോ ശിക്ഷാനടപടികൾക്ക് വിധേയരാക്കാനോ ഇവിടെ ആരുമില്ലേയെന്ന ചോദ്യമുയരുകയാണ്. നഗരത്തിൽ തെരുവ്നായ്ക്കൾ അനുദിനം പെരുകുന്നതിന്റെ പ്രധാന കാരണം പരിസര ബോധമില്ലാതെയുള്ള മാലിന്യം തള്ളലാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്ലാസ്റ്റിക്കിനുപുറമെ ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യവുമെല്ലാം ആളുകൾ തള്ളുന്നുണ്ട്. വലിയ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായാണ് മാലിന്യം കെട്ടുകളാക്കി തള്ളുന്നത്.
വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ സ്വന്തമിടങ്ങളിൽ സംസ്കരിക്കാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിക്ഷേപിക്കുകയാണ് ചിലർ. നഗരം മാലിന്യമുക്തമാക്കുന്നതിന് നഗരസഭ നേരത്തെ പലതും ആവിഷ്കരിച്ചിരുന്നു.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രധാന ഭാഗങ്ങളിൽ സ്ഥാപിക്കാൻ 28 നിരീക്ഷണ കാമറകൾ ഇപ്പോൾ വാങ്ങിയിട്ടുണ്ട്. ഇത് പലയിടത്തായി സ്ഥാപിച്ചുവരികയാണ്.