തലപ്പാടി-ചെങ്കള റീച്ച് ദേശീയപാത കാമറകൾ പ്രവർത്തിച്ചുതുടങ്ങിയില്ല; വാഹനങ്ങൾ നിയമം ലംഘിച്ച് ഓടുന്നു
text_fieldsകാസർകോട്: ഉദ്ഘാടനം ചെയ്യപ്പെട്ട തലപ്പാടി-ചെങ്കള റീച്ച് ദേശീയപാതയിൽ കാമറകൾ പ്രവർത്തിച്ചുതുടങ്ങാത്തതിനാൽ നിയമം ലംഘിച്ച് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നതായും ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നതായും വ്യാപക പരാതി. ഇത് ദേശീയപാതയിൽ വാഹനാപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. ദേശീയപാത ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും നിയമം ലംഘിച്ചോടുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ് തയാറാകുന്നില്ല എന്നാണ് പരാതി. ദേശീയപാതയിൽ പൊലീസ് പട്രോളിങ്ങോ നടപടിയോ ഉണ്ടാകാത്തത് നിയമലംഘനങ്ങൾ ആവർത്തിക്കാൻ കാരണമാകുകയാണെന്നാണ് ആക്ഷേപം.
ചെറുതും വലുതുമായ വാഹനങ്ങൾ ദേശീയപാതയിൽ നിർത്തിയിടുന്നതുമൂലം വാഹനാപകടങ്ങൾ പതിവാകുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് ബന്ദിയോട് ദേശീയപാതയിൽ നിർത്തിയിട്ട പച്ചക്കറി ലോറിക്ക് ബൈക്കിടിച്ച് സിനാൻ എന്ന യുവാവ് മരിച്ചത്. മുമ്പും ഇത്തരത്തിൽ ദേശീയപാതയിൽ വാഹനാപകടങ്ങളും മരണങ്ങളും സംഭവിച്ചിരുന്നു. ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥമൂലം വാഹനാപകടത്തിൽപെട്ട് മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെതന്നെ സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ്. നിർമാണ കമ്പനി അധികൃതർക്ക് നിവേദനങ്ങളും സമർപ്പിച്ചിരുന്നു.
രാത്രിയിൽ ദേശീയപാതയിൽ സിഗ്നൽ ലൈറ്റ് പോലും കത്തിക്കാതെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവയിൽ ഇടിച്ച് അപകടം സംഭവിക്കുന്നു. ദേശീയപാതയിൽ നിരോധിച്ച വാഹനങ്ങൾ നിയമം ലംഘിച്ച് കടന്നുപോകുന്നു. വർധിക്കുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ ദേശീയപാതയിൽ അടിയന്തര സുരക്ഷാസംവിധാന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

