കൂടിക്കൂടി പരിശോധനകൾ; വീർപ്പുമുട്ടി ലാബ് ടെക്നീഷ്യന്മാർ
text_fieldsകണ്ണൂർ: കോവിഡ് കാലത്ത് കൂടിക്കൂടിവരുന്ന പരിശോധനകൾക്കിടയിലും വീർപ്പുമുട്ടുകയാണ് സർക്കാർ മേഖലയിലെ ലാബ് ടെക്നീഷ്യന്മാർ. സർക്കാർ ആശുപത്രികളിലും ലാബുകളിലും പകുതിയിലേറെയും കരാർ, താൽക്കാലിക ജീവനക്കാരെയാണ് നിയമിക്കുന്നത്. സ്ഥിരനിയമനം നടക്കാത്തത് നിലവിലുള്ളവർക്ക് ജോലിഭാരം ഇരട്ടിയാക്കുകയാണ്.
രക്തം, കഫം, മലം തുടങ്ങിയവ മാത്രമല്ല, അർബുദനിര്‍ണയ ക്യാമ്പിലും കോവിഡ് നിര്‍ണയം നടത്തുന്നതും ഇവര്‍തന്നെയാണ്. നിലവില്‍ സര്‍ക്കാര്‍ ലാബുകളില്‍ വലിയ യന്ത്രങ്ങൾ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ചെലവേറിയ പരിശോധനകൾവരെ നിർധന രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇവിടെനിന്നും ചെയ്യാനുള്ള അവസരമുണ്ട്. എന്നാല്‍, ഇത്തരം സര്‍ക്കാര്‍ ലാബുകളില്‍ മതിയായ ജീവനക്കാരില്ല എന്നത് വലിയ പ്രതിസന്ധിയാണ്. താല്‍ക്കാലിക ജീവനക്കാരെ കുറഞ്ഞശമ്പളത്തിന് നിയമിച്ചാണ് ലാബ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. സ്ഥിരം നിയമനക്കാർക്ക് ലഭിക്കുന്നതിെൻറ പകുതിപോലും ഇവർക്ക് വേതനമായി ലഭിക്കുന്നില്ല.
ഇതേതുടർന്ന് സ്വകാര്യ മേഖലകളിലും വിദേശത്തും മറ്റും നല്ല ജോലി ലഭിക്കുമ്പോള്‍ ഇവര്‍ രാജിവെച്ചുപോകുകയാണ്. അതോടെ സർക്കാർ ആശുപത്രികളിലെ ലാബിെൻറ പ്രവര്‍ത്തനവും താളം തെറ്റുന്നു. എട്ട് മണിക്കൂറാണ് ലാബ് ടെക്നീഷ്യെൻറ ഒരുദിവസെത്തെ ജോലിസമയം. 30 പരിശോധനകളാണ് ഒരു ദിവസം ചെയ്യേണ്ട്. എന്നാല്‍, ജീവനക്കാരുടെ എണ്ണക്കുറവുമൂലം നിലവില്‍ ടെക്നീഷ്യന്മാര് കൈകാര്യം ചെയ്യുന്നത് ഇരട്ടിയിലധികമാണ്. കൂടാതെ കൂടുതൽ സമയവും ജോലി ചെയ്യേണ്ടി വരും. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട പല പരിശോധനകളും ഇതിലുണ്ടാകും. എന്നാല്‍, ജീവനക്കാരുടെ എണ്ണക്കുറവ് എല്ലാം താളം തെറ്റിക്കുകയാണ്.
ജില്ല ആശുപത്രിയില്‍ പകുതിപേരും കരാർ അല്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരാണ്. കോവിഡ് പരിശോധനക്കായി കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണ്. മൂന്ന് ഷിഫ്റ്റുകളായാണ് ഇവരുടെ സമയം. ജീവനക്കാര്‍ കുറയുമ്പോള്‍ ജോലിയിലുള്ളവര്‍ കൂടുതല്‍ സമയം ഡ്യൂട്ടിയെടുക്കേണ്ടി വരുന്നു. മാത്രമല്ല, കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ കൂടുതല്‍ പേരും പോസിറ്റിവാകുകയും ചെയ്യുന്നുണ്ട്. കോവിഡ് പരിശോധനകൾക്കായി ചിലർക്ക് ഫീൽഡിൽ പോകേണ്ട അവസ്ഥ വരുേമ്പാഴും ജോലിഭാരം ഇരട്ടിയാകുന്നു. കോവിഡ് ജോലിക്കായി എൻ.എച്ച്.എം വഴി കൂടുതൽ കരാർനിയമനം നടത്തുന്നുണ്ട്. ഇവർക്ക് തുച്ഛ വേതനമാണ് ലഭിക്കുന്നത്.
കൂടുതൽ തസ്തികകൾ വേണം –അസോസിയേഷൻ
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയമനം നടത്താൻ സർക്കാർ തയാറാവണമെന്ന് കേരള ഹെൽത്ത് സർവിസ് ലാബ് ടെക്നീഷ്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കരാർജീവനക്കാർ സ്ഥിരമായി മേഖലയിൽ നിൽക്കുന്നില്ല. ഇവരുടെ കൊഴിഞ്ഞുപോക്ക് സ്ഥിരം ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുകയാണ്.
ജില്ല, ജനറൽ ആശുപത്രികളിൽ കൂടുതൽ സ്ഥിരം ജോലിക്കാരെ നിയമിക്കണം. എല്ലാ താലൂക്ക് ആശുപത്രിയിലും സീനിയർ ഗ്രേഡ് തസ്തികയിൽ ചീഫ് ലാബ് ടെക്നീഷ്യൻ പോസ്റ്റ് അനുവദിച്ച് സർക്കാർ ഉത്തരവായതാണ്. ഇതിെൻറ തുടർ നടപടികൾ സർക്കാർ ത്വരിതഗതിയിലാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.