ടാങ്കർ ലോറി അപകടം; ഭീതിയുടെ മുൾമുനയിൽ 20 മണിക്കൂർ
text_fieldsപയ്യന്നൂർ: ഏഴിലോടും പരിസരത്തും 20 മണിക്കൂറോളം മുൾമുനയിൽ നിർത്തിയ ടാങ്കർ അപകടത്തിന്റെ കാർമേഘമൊഴിഞ്ഞത് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ. ഒരു രാവും പകലും നീണ്ട ജാഗ്രതക്കൊടുവിലാണ് നാട് സാധാരണ നിലയിലായത്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് പാചകവാതകവുമായി മംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി മറിഞ്ഞത്. അപകടമറിഞ്ഞയുടൻ സ്ഥലത്ത് കുതിച്ചെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണത്തിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കി. ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു. വൈദ്യുതിക്കും വീടുകളില്‍ പാചകത്തിനും നിയന്ത്രണമുണ്ടായി. അഗ്നിരക്ഷാസേനയും പൊലീസും കനത്ത സുരക്ഷയും ജാഗ്രതയും പാലിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
പയ്യന്നൂര്‍ അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ ടി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് സേന ചൊവ്വാഴ്ച രാത്രി മുതല്‍തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. മറിഞ്ഞ ടാങ്കര്‍ ഖലാസികളെ ഉപയോഗിച്ച് ഉയര്‍ത്താന്‍ ആദ്യം ശ്രമം നടന്നിരുന്നുവെങ്കിലും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കോഴിക്കോട് നിന്നും മംഗളൂരുവിൽനിന്നും എത്തിയ സേഫ്റ്റി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇത് ഒഴിവാക്കുകയായിരുന്നു. മറിഞ്ഞ ടാങ്കര്‍ ലോറിയില്‍നിന്ന് പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനായിരുന്നു തീരുമാനം. രാവിലെ ഏഴോടെ തന്നെ മംഗളൂരുവിൽനിന്നുമെത്തിയ ടാങ്കറിലേക്ക് പാചകവാതകം മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.
ഏകദേശം എട്ട് മണിക്കൂറാണ് ഇതിന് വേണ്ടിവരുന്ന സമയമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ പകുതിയോളം ഗ്യാസ് നീക്കംചെയ്ത ടാങ്കര്‍ നാലരയോടെ ഖലാസികളെ ഉപയോഗിച്ച് ഉയര്‍ത്തിമാറ്റുകയായിരുന്നു.
മൂന്ന് ബുള്ളറ്റ് ടാങ്കറുകളാണ് മറിഞ്ഞ ടാങ്കറില്‍നിന്ന് പാചകവാതകം നീക്കംചെയ്യുന്ന പ്രവൃത്തിക്കായി കൊണ്ടുവന്നത്. ഏതെങ്കിലും ടാങ്കറിന് പ്രശ്നം വല്ലതും വന്നാല്‍ ഉപയോഗിക്കാനാണ് രണ്ടെണ്ണം കൂടി അധികമായി എത്തിച്ചത്.
മറിഞ്ഞ ടാങ്കറില്‍നിന്ന് പാചകവാതകം മറ്റ് ടാങ്കറിലേക്ക് പൂര്‍ണമായി മാറ്റുന്നതുവരെ ഇതുവഴിയുള്ള ഗതാഗതവും സമീപ പ്രദേശങ്ങളിലെ പാചകവും നിര്‍ത്തിവെക്കാന്‍ നിർദേശിച്ചിരുന്നു.
തളിപ്പറമ്പ് ഭാഗത്തുനിന്നും ചുടല-മാതമംഗലം-മണിയറ വഴി പയ്യന്നൂര്‍ ഭാഗത്തേക്കും കണ്ണൂരില്‍നിന്ന് പഴയങ്ങാടി, വെങ്ങര, പാലക്കോട്-മുട്ടം-രാമന്തളി വഴി പയ്യന്നൂരിലേക്കും ഗതാഗതം തിരിച്ചുവിട്ടു. കാസർകോട്-പയ്യന്നൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എടാട്ട് കോളജ് സ്റ്റോപ് വഴി കൊവ്വപ്പുറം-ഹനുമാരമ്പലം വഴി പഴയങ്ങാടിയിലെത്തിയാണ് കണ്ണൂരിലേക്ക് പോയത്.
ഗതാഗതം തിരിച്ചുവിടുന്നത് രാവിലെ മാത്രം അറിയിച്ചതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈകീട്ട് 4.45നാണ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ജാഗ്രതപാലിക്കാൻ മിക്കയിടത്തും പൊലീസിനെ വ്യനിസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

