തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഓഫിസിന് മുന്നിൽ ഒരു വിഭാഗം യുവാക്കളുടെ പ്രതിഷേധം. പള്ളിവക ഭൂമിയുടെ തണ്ടപ്പേര് മാറ്റിയെന്നാരോപിച്ചാണ് പ്രതിഷേധം നടത്തിയത്.
തിങ്കളാഴ്ച രാവിലെ മുതലാണ് യുവാക്കൾ തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഓഫിസിന് മുന്നിൽ പ്രതിഷേധം തുടങ്ങിയത്. അരനൂറ്റാണ്ടുമുമ്പ് സർസയ്യിദ് കോളജ് തുടങ്ങാനായി പള്ളിവക ഭൂമി 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു.
ഈ ഭൂമിയുടെ നികുതി വർഷങ്ങളായി സി.ഡി.എം.ഇ.എയുടെ പേരിലാണ് അടച്ചിരുന്നത്. എന്നാൽ, ഭൂരേഖ കമ്പ്യൂട്ടറൈസേഷൻ വരുത്തി തണ്ടപ്പേര് മാറ്റിയെന്നാണ് യുവാക്കൾ ആരോപിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയിട്ടും മറുപടി ലഭിക്കാത്തതിനാലാണ് പ്രതിഷേധിക്കുന്നതെന്നും ഇവർ പറഞ്ഞു. സമരത്തിന് ഈറ്റിശേരി ഷാനവാസ്, ദിൽഷാദ് പാലക്കോടൻ, ഖലീൽ കായക്കൂൽ, സുബൈർ മണ്ണൻ, പി.കെ. നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.