ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് കോയമ്പത്തൂരിൽ പിടിയിൽ
text_fieldsതളിപ്പറമ്പ്: സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിയിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. ഇരിക്കൂർ സ്വദേശി റാഫിയെയാണ് (20) തളിപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ െറയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ഉമ്മയുടെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് കോയമ്പത്തൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരുവരെയും റെയിൽവേ പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്വദേശിനിയാണെന്നും മറ്റുമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തളിപ്പറമ്പ് പൊലീസ് കോയമ്പത്തൂരിൽ എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പൊലീസ് മാതാപിതാക്കൾക്കൊപ്പം പറഞ്ഞുവിട്ടു.

