ടി.കെ. ഗോവിന്ദന്റെ സ്ഥാനാർഥിത്വം: കോൺഗ്രസിലും കലാപം
text_fieldsടി.കെ. ഗോവിന്ദൻ
തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സി.പി.എം വിട്ടുവന്ന ടി.കെ. ഗോവിന്ദനെ പിന്തുണക്കാനുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ. ഇത്തവണ യു.ഡി.എഫിന് വിജയസാധ്യതയുള്ള മണ്ഡലം കളഞ്ഞു കുളിക്കുകയാണ് ടി.കെ. ഗോവിന്ദനെ പിന്തുണക്കുന്നതിലൂടെയെന്ന വിമർശനമാണ് നേതാക്കളും പ്രവർത്തകരും ഉയർത്തുന്നത്.
ഇതോടെ തളിപ്പറമ്പിലെ ഇടതു മുന്നണി സ്ഥാനാർഥി പി.കെ.ശ്യാമളക്ക് അനായാസ വിജയം ലഭിക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. ഇടത് സ്ഥാനാർഥിക്കെതിരെ ഇടതുമുന്നണിയിലെ പ്രവർത്തകരിലും അണികളിലും ഉയർന്ന പ്രതിഷേധം മുതലെടുത്ത് വിജയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിലാണ് അണികൾക്ക് പ്രതിഷേധം.
കോൺഗ്രസ് ബൂത്ത് - മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളും യൂത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ മുതൽ പ്രാദേശിക തലത്തിലുള്ള നേതാക്കളും പ്രവർത്തകരും വരെ സമൂഹമാധ്യമങ്ങളിലൂടെയും പരസ്യമായും അതിരൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്. യു.ഡി.എഫിന് സ്ഥാനാർഥി വേണമെന്നും സി.പി.എം വിമതന് പിന്തുണ നൽകേണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ സമൂഹ മാധ്യമത്തിലൂടെയും നേരിട്ടും ആവശ്യപ്പെട്ടു.
നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൊലിസിൻ്റേയും സി.പി.എമ്മിൻ്റേയും മർദനമേൽക്കേണ്ടിവരികയും കേസിൽ ഉൾപ്പെടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ടി.കെ യെ പിന്തുണച്ചാൽ സ്ഥാനങ്ങൾ രാജിവെക്കാനും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാനുമാണ് ബ്ലോക്ക്, മണ്ഡലം നേതാക്കളാട് താഴെ തട്ടിലുള്ളവർ പറയുന്നത്. ‘ഇതൊരു വല്ലാത്ത വിസ്മയം ആയി പോയി’ എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പിലെ നേതാവുമായ രാഹുൽ വെച്ചിയോട്ട് പറഞ്ഞത്.
കഴിഞ്ഞ തവണ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസിന്റെ യുവ നേതാവ് വി.പി. അബ്ദുൾറ ഷീദ് ഇത്തവണ മണ്ഡലം പിടിക്കാൻ വേണ്ടി കഴിഞ്ഞ അഞ്ച് വർഷമായി അടിത്തട്ടിലെ പ്രവർത്തനം സജീവമാക്കിയിരുന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം വൻതോതിൽ കുറക്കാനും അബ്ദുൾ റഷീദിന് കഴിഞ്ഞിരുന്നു. അതിനുമുമ്പ് 40,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 20000ലേക്ക് താഴ്ത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിവെന്നാണ് പ്രവർത്തകർ എടുത്ത് കാണിക്കുന്നത്. തളിപ്പറമ്പിൽ ഇത്തവണയും സ്ഥാനാർഥിയാവുമെന്ന് പ്രതീക്ഷിച്ച റഷീദിനെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ധർമ്മടത്തേക്ക് തട്ടിയിരിക്കുകയാണ്. കോൺഗ്രസ് പരിഗണിച്ചിരുന്ന മറ്റൊരു നേതാവായ കൊയ്യം ജനാർദ്ദനനും 2016-ൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസിലെ രാജേഷ് നമ്പ്യാരും ടി.കെ. ഗോവിന്ദൻ മത്സരിക്കുകയാണെങ്കിൽ, വിമതനായി മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

