തളിപ്പറമ്പ്: ദേശീപാതയോരത്തെ ഇ ടോയ്ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്ഥാപിച്ച ഇ ടോയ്ലറ്റിലാണ് കഴിഞ്ഞദിവസം വീണ്ടും മോഷണം നടന്നത്.
ഇതിന് മുമ്പ് പലതവണ മോഷണം നടന്നെങ്കിലും ഒരിക്കല്‍പോലും മോഷ്ടാക്കളെ പിടികൂടാത്തതിനാലാണ് കവര്‍ച്ച തുടരുന്നത്. ദേശീയപാതവഴി കടന്നുപോകുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപയോഗിക്കുന്നതിന് നാലുവര്‍ഷം മുമ്പാണ് ഇ- ടോയ്ലറ്റ് സ്ഥാപിച്ചത്. നാണയം നിക്ഷേപിച്ച് ഉപയോഗിക്കുന്നതിനാല്‍ ഇതിനകത്ത് നാണയം നിറയുമ്പോഴാണ് കുത്തിപ്പൊളിക്കാന്‍ മോഷ്ടാക്കള്‍ എത്തുന്നത്.
3000 രൂപയോളമാണ് ഇതിനകത്തെ കോയിന് ബോക്സിലുണ്ടാവാറുള്ളത്. നഗരത്തില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതും ടോയ്ലറ്റിന് സമീപം ആവശ്യമായ വെളിച്ചമില്ലാത്തതുമാണ് മോഷണം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ആവശ്യമായ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് നഗരസഭ അധികൃതരോട് ടാക്സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.