റാഗിങ്; വിദ്യാർഥികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു
text_fieldsതളിപ്പറമ്പ്: സർ സയ്യദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന റാഗിങ്ങിൽ രണ്ടാം വർഷ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പ്രിൻസിപ്പൽ ഇൻചാർജിെൻറ പരാതിയിൽ റാഗിങ് നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തതോടെയാണ് ഒമ്പതു പ്രതികളും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കഴിഞ്ഞദിവസമാണ് ചിറക്കൽ സ്വദേശി അസ്ലഫ്നെ മൂന്നാംവർഷ വിദ്യാർഥികൾ ചേർന്ന് മർദനത്തിനിരയാക്കിയത്.
റാഗിങ്ങിൽ ശരീരഭാഗങ്ങളിൽ പരിക്കേറ്റ അസ്ലഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഒമ്പത് മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് മർദിച്ചതായി കുട്ടി പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.
വി.സി. മുഹമ്മദ് റിഷാൽ, എം. ജാസിർ, സി.എച്ച്. മുതീഹ് അൽറഹ്മാൻ, കെ. മുഹമ്മദ് സവാദ്, മുഹമ്മദ് ഫർഹാൻ, ടി.കെ. ഫർഹാൻ മുഷ്താഖ്, സി.പി. ആദിൽ റഷീദ്, സി.കെ. മുഹമ്മദ് അസ്ഹർ, കെ.പി. ഫാസിൽ എന്നിവർക്കെതിരെയാണ് റാഗിങ് നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇതോടെയാണ് ഒളിവിൽ പോയ വിദ്യാർഥികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കോളജ് അധികൃതർ വിദ്യാർഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.