സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ റാഗിങ്; ഒമ്പത് വിദ്യാർഥികൾക്കെതിരെ കേസ്
text_fields
തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ വിദ്യാർഥിയെ റാഗിങ്ങിന് വിധേയമാക്കിയ കേസിൽ ഒമ്പത് സീനിയർ വിദ്യാർഥികളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ചിറക്കൽ സ്വദേശി അസ്ലഫിനെ മർദിച്ചതിനാണ് മൂന്നാം വർഷ ബിരുദ വിദ്യാർഥികൾക്കെതിരെ കേസെടുത്തത്.
ബി.ബി.എ, ബി.കോം മൂന്നാം വർഷ വിദ്യാർഥികളായ വി.സി. മുഹമ്മദ് റിഷാൽ, എം. ജാസിർ, മുദിഹ് അൽ റഹിമാൻ, കെ. മുഹമ്മദ് സവാദ്, കെ. മുഹമ്മദ് ഫർഹാൻ, ടി.കെ. ഫർഹാൻ മുസ്താഹ്, സി.പി. ആദിൽ റഷീദ്, സി.കെ. മുഹമ്മദ് അസ്ഹർ, കെ.പി. ഫാസിൽ എന്നിവർക്കെതിരെയാണ് നടപടി. പ്രിൻസിപ്പൽ ഇൻ ചാർജ് ബിപിൻ തോമസിെൻറ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അസ്ലഫിനെ മൂന്നാം വർഷ വിദ്യാർഥികൾ മർദനത്തിനിരയാക്കിയത്. കോളജ് വിട്ട ശേഷമാണത്രെ മർദിച്ചത്. ഒമ്പതോളം പേർ മർദിച്ചതായാണ് വിദ്യാർഥി പ്രിൻസിപ്പലിന് പരാതി നൽകിയത്. കുറച്ചുദിവസം മുമ്പുണ്ടായ റാഗിങ് സംബന്ധിച്ച് അസ്ലഫ് പരാതിപ്പെട്ടിരുന്നു. ഇതാണ് ചൊവ്വാഴ്ചത്തെ മർദനത്തിന് കാരണമെന്ന് പറയുന്നു.
അസ്ലഫ് നൽകിയ പരാതിയെത്തുടർന്ന് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ബിപിൻ തോമസ് ഒമ്പത് സീനിയർ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. വിദ്യാർഥികൾക്കെതിരെ റാഗിങ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ആഴ്ചകൾക്കുമുമ്പ് സർ സയ്യിദ് കോളജിലും സമാന സംഭവങ്ങൾ നടക്കുകയും അറസ്റ്റും പുറത്താക്കലും അടക്കമുള്ള നടപടികൾ ഉണ്ടാവുകയും ചെയ്തിരുന്നു.