എ.ടി.എം കൗണ്ടർ തകർത്ത കേസിൽ ഒരാൾ കസ്റ്റഡിയിൽ
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ എ.ടി.എം കൗണ്ടർ അടിച്ചുതകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാളെ കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനകത്തെ കേരള ബാങ്കിെൻറ എ.ടി.എം കൗണ്ടറാണ് ശനിയാഴ്ച രാത്രി മദ്യപ സംഘം തകർത്തത്. തളിപ്പറമ്പ് എസ്.ഐ പി.എം. സുനിൽകുമാറിെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
സ്ഥലത്തെത്തിയ ബാങ്ക് അസി. മാനേജർ കെ.എം. ചന്ദ്രബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മദ്യലഹരിയിലെത്തിയ സാമൂഹിക വിരുദ്ധനാണ് കൗണ്ടർ അടിച്ചുതകർത്തത്. ഇയാളെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ എ.ടി.എമ്മിെൻറ ചില്ലുവാതിൽ അടിച്ചു തകർക്കുകയായിരുന്നുവെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. വ്യാപാരികളെത്തിയാണ് മദ്യപരെ വിരട്ടിയോടിച്ചതും പൊലീസിൽ വിവരം അറിയിച്ചതും.
തളിപ്പറമ്പ് നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ മദ്യപശല്യം രൂക്ഷമാണെന്ന് വ്യാപാരികൾ പറഞ്ഞു. നിരവധി തവണ പരാതി നൽകിയിട്ടും നഗരസഭ അധികൃതരോ പൊലീസോ നടപടിയെടുത്തിട്ടില്ല. നേരത്തേയും എ.ടി.എം കൗണ്ടർ സാമൂഹിക വിരുദ്ധർ തകർത്തിരുന്നു. കോംപ്ലക്സിെൻറ വരാന്തയിലും കോണിപ്പടിയിലും സംഘം ചേർന്നു മദ്യപിക്കുന്നവർ ഇവിടെ തന്നെ കിടക്കുകയും മല -മൂത്ര വിസർജനം നടത്തുന്ന സ്ഥിതിയുമുണ്ട്. നഗരസഭയും പൊലീസും ചേർന്ന് സാമൂഹിക വിരുദ്ധരെ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.