ദേശീയപാത കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിഞ്ഞു
text_fieldsകുപ്പം കപ്പണത്തട്ടിൽ മണ്ണിടിഞ്ഞ നിലയിൽ
തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പം കപ്പണത്തട്ടിൽ നിർമാണം നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണും പാറയും അടർന്നുവീണത് പ്രദേശത്തെ ഭീതി പരത്തി. ബുധനാഴ്ച വൈകീട്ട് 4.30നാണ് സംഭവം. 20 ഓളം തൊഴിലാളികൾ നിർമാണത്തിൽ ഏർപ്പെട്ടിരിക്കെയാണ് പാറക്കഷണങ്ങൾ ഇടിഞ്ഞ് വീണത്. സമീപത്തെ എ.ബി.സി സെയിൽസ് കോർപറേഷന്റെ കോർപറേറ്റ് ഓഫിസ് അപകടാവസ്ഥയിലായിട്ടുണ്ട്. ഓഫിസിന്റെ സമീപം വരെ മണ്ണും പാറയും ഇടിഞ്ഞുവീണിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്തും ഇവിടെ വ്യാപകമായി മണ്ണിടിച്ചൽ ഉണ്ടായതിനാൽ ദിവസങ്ങളോളം ഗതാഗതം വഴിതിരിച്ച് വിട്ടിരുന്നു. മണ്ണിടിച്ചൽ തടയുന്നതിനുള്ള കൂറ്റൻ മതിൽ നിർമാണം നടന്നുവരുയാണ്. അതിനിടെയാണ് വീണ്ടും അപകടമുണ്ടായത്. തൊഴിലാളികളിൽ ആർക്കും അപകടം സംഭവിക്കാത്തത് ആശ്വാസമായി.
വിവരമറിഞ്ഞ് തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും രാത്രിയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ട നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

