‘അമ്മ എന്ന സങ്കൽപത്തെ ഇല്ലാതാക്കുന്ന കൃത്യം’; ശരണ്യ ദയ അർഹിക്കുന്നില്ലെന്ന് കോടതി
text_fieldsതളിപ്പറമ്പ്: 'ഓരോരോ ശിശുരോദനത്തിലും കേൾക്കൂ ഞാൻ, ഒരു കോടി ഈശ്വര വിലാപം' മധുസൂദനൻ നായരുടെ 'നാറാണത്ത് ഭ്രാന്തൻ' എന്ന കവിതയിലെ വരികൾ ഉദ്ധരിച്ചാണ് ശരണ്യക്കെതിരായ വിധി തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി പുറപ്പെടുവിച്ചത്.
'ഒരു അമ്മ എന്നത് തന്റെ കുട്ടിയോടുള്ള അതിരറ്റ സ്നേഹമുള്ള വ്യക്തിയാണ്. പലപ്പോഴും വാക്കുകളിലൂടെയല്ല മറിച്ച് നിശ്ശബ്ദമായ സ്നേഹത്തിലൂടെയാണ് അത് പ്രകടിപ്പിക്കുന്നത്. നിർഭാഗ്യവശാൽ ഇവിടെ അമ്മ കുട്ടിയുടെ കൊലപാതകം ക്രൂരവും പൈശാചികവുമായ രീതിയിൽ ചെയ്തു.
ഒരു കുട്ടിയുടെ ജീവൻ അപഹരിക്കാൻ ആർക്കും അവകാശം നൽകുന്നില്ല. പ്രതിയുടെ പ്രവൃത്തി പരിഷ്കൃത സമൂഹത്തിൽ ഒരുദയയും അർഹിക്കുന്നില്ല, അതിനാൽ നീതിയുടെ താൽപര്യം നിറവേറ്റുന്നതിന് ശിക്ഷ വളരെ മൃദുവായിരിക്കരുത്. അമ്മ എന്ന സങ്കൽപത്തെ ഇല്ലാതാക്കുന്ന കൃത്യം തെളിഞ്ഞ സാഹചര്യത്തിൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു' എന്നാണ് ജഡ്ജി വ്യക്തമാക്കി.
പ്രായം കണക്കിലെടുത്ത് ശിക്ഷ കുറക്കണമെന്ന് കഴിഞ്ഞദിവസം പ്രതി കോടതിയോട് അപേക്ഷിച്ചുവെങ്കിലും മാതൃകാപരമായ ശിക്ഷയാണ് പ്രതിക്ക് നൽകിയത്. കണ്ണൂർ തയ്യിൽ കടപ്പുറത്തെ കെ. ശരണ്യയാണ് (27) മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊന്നത്. ഈ കേസിന്റെ വിധിയിലാണ് തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്ത് സൂചിപ്പിച്ചത്. ശരണ്യയെ കൂടാതെ ആൺസുഹൃത്ത് വലിയന്നുരിലെ നിധിനും കേസിൽ പ്രതിയായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതേ വിടുകയായിരുന്നു. കൃത്യം നടന്ന് ആറുവർഷം പൂർത്തിയാവാൻ 26 ദിവസം ബാക്കിയുള്ളപ്പോഴാണ് വിധി.
കാമുകനൊപ്പം കഴിയാൻ കൊടുംക്രൂരത
അന്ന് തയ്യിൽ കടപ്പുറത്ത് കുടുംബസമേതം താമസിക്കുന്ന ശരണ്യ ഭർത്താവിനെ കുടുക്കാനും കാമുകനൊപ്പം ജീവിക്കാനുമാണ് സ്വന്തം കുരുന്നിനെ കടലിലെ പാറകൂട്ടത്തിൽ എറിഞ്ഞു കൊന്നത്. പുലർച്ച മകൻ വിയാനെയുമെടുത്ത് തൊട്ടടുത്തുള്ള കടപ്പുറത്തേക്ക് പോയ ശരണ്യ കുഞ്ഞിനെ കടലിലെറിയുകയായിരുന്നുവെന്നാണ് കേസ്.
ആദ്യത്തെ ഏറിൽ കുട്ടി കടലിൽ വീണില്ല. തിരികെ നടക്കുമ്പോഴാണ് കുട്ടിയുടെ കരച്ചിൽ ശരണ്യ കേൾക്കുന്നത്. തിരികെ വന്ന ശരണ്യ കുട്ടി പാറപ്പുറത്ത് കിടക്കുന്നതാണ് കണ്ടത്. കരച്ചിൽ നാട്ടുകാർ കേൾക്കുമെന്ന് മനസിലായ ശരണ്യ മകനെ കടൽ തീരത്തെ പാറയിലെറിഞ്ഞ് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടിൽ വന്ന് കിടന്നുറങ്ങുകയായിരുന്നു.
കുറ്റം ഭർത്താവിന്റെ തലയിലിടാനും ശ്രമിച്ചു
കൃത്യം നടത്തിയശേഷം കുട്ടിയെ കാണുന്നില്ലെന്നാണ് ശരണ്യ ഭർത്താവ് പ്രണവിനോട് പറഞ്ഞത്. സിറ്റി പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയെ കൊന്ന കുറ്റം ഭർത്താവ് പ്രണവിന്റെ മേൽചുമത്തി കാമുകൻ നിധിനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ ലക്ഷ്യം.
കൊല നടക്കുന്നതിന്റെ തലേ ദിവസം മണിക്കൂറുകളോളം കാമുകൻ നിധിനൊപ്പം ശരണ്യ കഴിഞ്ഞതിന്റെ തെളിവും അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി സി.ഐ പി.ആർ. സതീശന് ലഭിച്ചിരുന്നു. ശരണ്യയെ ചോദ്യംചെയ്യുന്നതിനിടെയും ഇവരുടെ ഫോണിലേക്ക് നിധിന്റെ 25 കോളുകളാണ് വന്നത്. ഇതോടെയാണ് കാമുകന്റെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ പൊലീസിന് എത്താൻ കഴിഞ്ഞിരുന്നത്. തുടർന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ജയിൽവാസത്തിനിടെ ജാമ്യത്തിലിറങ്ങിയ ശരണ്യ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ശരണ്യക്ക് വേണ്ടി ഹൈകോടതിയിലെ അഭിഭാഷകൻ മഞ്ജു ആന്റണിയാണ് ഹാജരായത്.
കേസിൽ 47 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 81 രേഖകളും 19 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് കേസിൽ വിധി വന്നത്. അതേസമയം, അപൂർവങ്ങളിൽ അപൂർവത പറയാൻ ആകാത്ത കേസെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

