നാലുവർഷം മുമ്പ് കാണാതായ ബൈക്ക് മാലിന്യക്കുഴിയിൽ
text_fieldsതളിപ്പറമ്പ്: നാലുവർഷം മുമ്പ് കാണാതായ ബൈക്ക് തളിപ്പറമ്പ് മാർക്കറ്റിലെ മാലിന്യക്കുഴിയിൽ കണ്ടെത്തി. കാക്കാത്തോട്ടിലെ കെ. റിജാസിന്റെ ബൈക്കാണ് മാലിന്യം വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത്. 2018 ജനുവരി 12ന് തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഫുട്ബാൾ മത്സരം കാണാനെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയത്.
റിജാസിന്റെ സഹോദരൻ കെ. റാസിഖായിരുന്നു ബൈക്ക് ഉപയോഗിച്ചിരുന്നത്. അന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നെങ്കിലും ബൈക്ക് കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞദിവസം മാർക്കറ്റിലെ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടയിലാണ് ബൈക്ക് കണ്ടെടുത്തത്.
മാലിന്യത്തിൽ മൂടി നശിച്ച നിലയിൽ കണ്ടെത്തിയ ബൈക്ക് ഉപയോഗശൂന്യമായിരുന്നു. പൊലീസിന്റെ നിർദേശ പ്രകാരം തളിപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ചു. ബൈക്ക് കണ്ടെത്തിയ സാഹചര്യത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് തളിപ്പറമ്പ് പൊലീസിൽ വീണ്ടും പരാതി നൽകുമെന്ന് റിജാസിന്റെ സഹോദരൻ റാസിഖ് പറഞ്ഞു.