പഞ്ചാബ് നാഷനൽ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
പഞ്ചാബ് നാഷനൽ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: മൂന്നുപേർ കൂടി അറസ്റ്റിൽ
തളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പുളിമ്പറമ്പ് സ്വദേശി എം.എസ്. കുഞ്ഞിമോൻ (57), കീഴാറ്റൂർ സ്വദേശി എം. ലക്ഷ്മണൻ (58), തൃച്ചംബരം സ്വദേശി അബു ഹുദീഫ (41) എന്നിവരെയാണ് എസ്.ഐ പി.സി. സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതോടെയാണ് മൂന്നുപേരും തളിപ്പറമ്പ് പൊലീസിൽ കീഴടങ്ങിയത്.
17 പ്രതികളുള്ള കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന അഞ്ച് പ്രതികളാണ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, ഇവർ മൂന്നുപേരുടെയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികൾ ബാങ്കിൽ വിവിധ അക്കൗണ്ടുകളിലായി 15 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയം വെച്ച് വാങ്ങിയതായാണ് പൊലീസ് കണ്ടെത്തൽ.
കേസിൽ തളിപ്പറമ്പ് സ്വദേശികളായ കെ.പി. വസന്തരാജ് (45), വി.വി. രാജേന്ദ്രന് (62) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനിയും കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നാണ് സൂചന. രണ്ടുപേരുടെ കൂടി ജാമ്യാപേക്ഷ ഹൈകോടതി അടുത്തദിവസം പരിഗണിക്കും. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

