സമഗ്ര വികസനം ലക്ഷ്യമിട്ട് തളിപ്പറമ്പ് നഗരസഭ ബജറ്റ്
text_fieldsതളിപ്പറമ്പ് നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൻ
ദീപാ രഞ്ജിത്ത് അവതരിപ്പിക്കുന്നു
തളിപ്പറമ്പ്: നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള സമഗ്ര വികസന ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൻ ദീപാ രഞ്ജിത്ത് അവതരിപ്പിച്ചു. 65, 28,99,566 രൂപ വരവും 40,61,97,000 രൂപ ചെലവും 24,67,02,566 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ചെയർപേഴ്സൻ പി.കെ. സുബൈർ അധ്യക്ഷത വഹിച്ചു.
പശ്ചാത്തല സൗകര്യ വികസനത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കും പ്രാധാന്യം നൽകുന്നതാണ് ബജറ്റ്. ബസ് സ്റ്റാൻഡ് നവീകരണം മുതൽ ഇന്റർനാഷനൽ പ്രീ-സ്കൂളുകൾ വരെ നീളുന്ന വിപുലമായ പദ്ധതികളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിന്റെ ഏറ്റവും വലിയ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ പരിഷ്കരിക്കാൻ ബജറ്റിൽ വൻതുക നീക്കിവെച്ചു. നിലവിലെ ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരിക്കാൻ രണ്ട് കോടി രൂപയും കാക്കത്തോട് ബസ് സ്റ്റാൻഡിൽ പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ മൂന്ന് കോടി രൂപയുമാണ് വകയിരുത്തിയത്. നഗരത്തിന്റെ ദീർഘകാല വികസനം ലക്ഷ്യമിട്ട് ഒരു പുതിയ ബസ് സ്റ്റാൻഡിനായുള്ള സാധ്യത പഠനവും ബജറ്റ് പ്രഖ്യാപിക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ‘മികവ് മിഷൻ’ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂളുകൾ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ‘സീറോ ബിലോ’ പദ്ധതി, ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകുന്നവർക്കായി ഹെൽപ് ഡെസ്ക് എന്നിവ ഇതിന്റെ ഭാഗമായി വരും.
ആരോഗ്യ മേഖലയിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ഒരു ഹെൽത്ത് ഹബ്ബാക്കി മാറ്റാൻ അഞ്ച് കോടി രൂപ അനുവദിച്ചു. ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി 30 ലക്ഷം രൂപയുടെ പ്രത്യേക സഹായവും ഭിന്നശേഷിക്കാർക്കായി ഒരു കോടി രൂപ ചെലവിൽ മൾട്ടി ഡിസിപ്ലിനറി ട്രീറ്റ്മെന്റ് സെന്ററും സജ്ജമാക്കും. വയോജനങ്ങൾക്കായി ‘സ്നേഹ ഇടം’ എന്ന പേരിൽ ഒരു കോടി രൂപയുടെ സംഗമകേന്ദ്രവും ബജറ്റിലുണ്ട്.
മാലിന്യമുക്ത നഗരം എന്ന ലക്ഷ്യത്തോടെ പാലയാട് മാലിന്യ സംസ്കരണ പ്ലാന്റ് മൂന്ന് കോടി രൂപ ചെലവിൽ നവീകരിക്കും. തെരുവുനായ് ശല്യം പരിഹരിക്കാൻ ‘അനിമൽ ആംബുലൻസ്’ പദ്ധതിയും മൂന്ന് കോടി രൂപ വകയിരുത്തി നടപ്പാക്കും. നഗരം പൂർണമായും സോളാർ ലൈറ്റുകൾകൊണ്ട് പ്രകാശിപ്പിക്കാൻ ഒരു കോടി രൂപയും നീക്കിവെച്ചു.
കായികപ്രേമികൾക്കായി ഗാന്ധിനഗറിൽ ഒരു കോടി രൂപയുടെ സ്പോർട്സ് ഹബ്ബും കലാകാരന്മാർക്കായി ഒരു കോടി രൂപയുടെ ആർട്ട് ആൻഡ് ലിറ്ററേച്ചർ പവലിയനും ബജറ്റിലെ പ്രഖ്യാപനങ്ങളാണ്. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി നഗരസഭാ കോമ്പൗണ്ടിൽ നിർമിക്കുന്ന സി.എച്ച് കോംപ്ലക്സിന് 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
നഗരവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം വികസനത്തിന്റെ പുതിയ പാതയിലേക്ക് തളിപ്പറമ്പിനെ നയിക്കാനുള്ള ബജറ്റ് നിർദേശങ്ങളെ സ്വാഗതംചെയ്ത് ഭരണകക്ഷി അംഗങ്ങളായ കെ. മുഹമ്മദ് ബഷീർ, പി. റജില, പി.സി. നസീർ, ഫൈസൽ ചെറുകുന്നോൻ, രൂപേഷ് കുട്ടുവൻ എന്നിവർ സംസാരിച്ചു. ഫ്ലാറ്റ് നിർമിക്കാൻ കഴിഞ്ഞ ഭരണസമിതി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇത്തവണ പ്രഖ്യാപനംപോലും ഇല്ല. വാർഡ് ഫണ്ട് എന്ന പേരിൽ കൗൺസിലർമാർക്ക് ഫണ്ട് അനുവദിക്കാറുണ്ട്, എന്നാൽ ഇത്തവണ ബജറ്റിൽ അതുമായി ബന്ധപ്പെട്ട പരാമർശമൊന്നും ഉണ്ടായില്ല. പദ്ധതികൾ പ്രഖ്യാപിക്കുന്നത് പോലെ അവ നടപ്പാക്കുന്നതിലും ശ്രദ്ധ കാണിക്കണമെന്നും ടി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ കൗൺസിലർമാരായ രാഘവൻ, കെ. ലത, എം.പി. സജീറ എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ബി.ജെ.പി കൗൺസിലർമാരായ പി.വി. സുരേഷ് കുമാർ, അശോകൻ അഞ്ചാമര എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

