പുഴയിൽ യുവാവിനെ കാണാതായെന്ന് സംശയം; തിരച്ചിൽ നടത്തി
text_fieldsവളപട്ടണം പുഴയിൽ യുവാവ് ചാടിയതായുള്ള സംശയത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചക്ക്
അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുന്നു
പാപ്പിനിശ്ശേരി: യുവാവ് വളപട്ടണം പുഴയിലേക്ക് ചാടിയതായുള്ള സംശയം ബലപ്പെട്ടതിനെ തുടർന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമടക്കം പുഴയിൽ തിരച്ചിൽ നടത്തി. തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരച്ചിൽ വൈകീട്ടുവരെ തുടർന്നു. വളപട്ടണം പാലത്തിന് സമീപം ഒരുജോഡി ചെരിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് യുവാവ് പുഴയിലേക്ക് ചാടിയതായുള്ള സംശയം ബലപ്പെട്ടത്. അതിനിടെ വളപട്ടണം സ്വദേശിയായ യുവാവിനെ ഞായറാഴ്ച രാവിലെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ജില്ല സ്കൂബ ടീം സ്റ്റേഷൻ ഓഫിസർ വാസന്ത് ചെയ്യച്ചാക്കണ്ടി, സ്റ്റേഷൻ ഓഫിസർ ഷാനിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തീരദേശ സേനയുടെയും റവന്യൂവകുപ്പിന്റെയും സഹായവും രക്ഷാപ്രവർത്തനത്തിനുണ്ടായി. തിരച്ചിൽ ചൊവ്വാഴ്ചയും തുടരാനാണ് തീരുമാനം.