സൂപ്പര്‍ ലീഗിന് ഒരുങ്ങി കണ്ണൂർ; ഉദ്ഘാടന മത്സരം നാളെ രാത്രി എട്ടിന്
text_fieldsകണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയം സജ്ജം. വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്.സിയും തൃശൂര്‍ മാജിക് എഫ്സിയും ഏറ്റുമുട്ടും. മത്സരത്തിനായി ജവഹര്‍ സ്റ്റേഡിയത്തിലെ ഒരുക്കം അവസാന ഘട്ടത്തിലെത്തി. ഗാലറികളുടെ പെയിന്റിങ്, താല്‍ക്കാലിക ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കല്‍, ഉപയോഗിക്കാന്‍ കഴിയാത്ത ഈസ്റ്റ് ഗാലറിക്ക് മുന്നിലെ താല്‍ക്കാലിക ഗാലറിയുടെ നിര്‍മാണം എന്നിവ പൂര്‍ത്തിയായി.
താരങ്ങള്‍ക്കും ഒഫീഷ്യല്‍ സംഘങ്ങള്‍ക്കുമുള്ള ഡ്രസ്സിങ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിങ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും പൂര്‍ത്തിയായി. സെക്യൂരിറ്റി ബാരിക്കേഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മത്സരത്തിനായി സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും പൂര്‍ണ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
16000 പേര്‍ക്ക് കളി കാണാം
35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ 16,000 പേര്‍ക്കായിരിക്കും കളി കാണാന്‍ സാധിക്കുക. സൂപ്പര്‍ ലീഗ് കേരളയുടെ കഴിഞ്ഞ സീസണില്‍ ശരാശരി 15,356 പേരാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ മത്സരം കാണാന്‍ ജവഹര്‍ സ്റ്റേഡിയത്തിലെത്തിയത്.
ടിക്കറ്റ് വില
ഗാലറി മുതല്‍ ഡയറക്ടര്‍ ബോക്സ് വരെയാണ് ടിക്കറ്റുകള്‍. 199 രൂപ മുതല്‍ 1999 രൂപ വരെയാണ് ടിക്കറ്റ് വില വരുന്നത്. 199 രൂപക്ക് ജനറല്‍ സൗത്ത് ഗാലറി, ബഫ് ഗാലറി, 499 രൂപയുടെ പ്രീമിയം ബോക്സ്, 499 ഫാമിലി ടിക്കറ്റ് (ഫാമിലി ടിക്കറ്റില്‍ മാതാപിതാക്കള്‍ക്ക് പുറമെ 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്കും പ്രവേശിക്കാം), 1999 രൂപയുടെ ഡയറക്ടര്‍ ബോക്സ് എന്നിവയാണ് ഉള്ളത്.
പാര്‍ക്കിങ്
ജവഹര്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിവിധ ഇടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ്, ജി.വി.എച്ച്.എസ്.എസ്. സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, പൊലീസ് മൈതാനം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
ടിക്കറ്റ് വാങ്ങാം
സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരങ്ങളുടെയും ടിക്കറ്റുകള്‍ www.kannurwarriorsfc.com എന്ന വെബ് സൈറ്റിലും www.skillboxes.com വെബ് സൈറ്റിലും അപ്ലിക്കേഷനിലും ലഭ്യമാണ്. ഓഫ്ലൈന്‍ ടിക്കറ്റുകള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിന് എതിര്‍വശം പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയാറാക്കിയ ബോക്‌സ് ഓഫിസില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

