ആവേശക്കടലായി കണ്ണൂരിൽ സൂപ്പര്‍ ലീഗ്
text_fieldsകണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിറഞ്ഞ പവിലിയൻ
കണ്ണൂർ: സൂചി കുത്താൻ ഇടമില്ലാത്ത തരത്തിലായിരുന്നു കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന്റെ പവിലിയനും പരിസരവും. ഇടവേളക്ക് ശേഷം കണ്ണൂരിലെത്തിയ ഫുട്ബാൾ ഉത്സവം ആരാധകർ ആഘോഷമാക്കി. സൂപ്പർ ലീഗിൽ വെള്ളിയാഴ്ച നടന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയും തൃശൂര്‍ മാജിക് എഫ്.സിയുമായുള്ള മത്സരം കാണികൾ ഇരുകൈയുംനീട്ടി സ്വീകരിച്ചു. ചെണ്ടമേളവും പാട്ടും ഡാൻസും വെടിക്കെട്ടുമായി ഉത്സവമാക്കി കണ്ണൂരിലെ ഫുട്‌ബാള്‍ ആരാധകര്‍.
മൈതാനത്തിലേക്ക് കടക്കാനായി കാണികളുടെ വലിയനിര റോഡിലേക്കും നീണ്ടു. കണ്ണൂർ വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ടായ കണ്ണൂരിൽ നിറഞ്ഞ കൈയടികളോടെയാണ് ഇരുടീമുകളുടെയും താരങ്ങളെ സ്വീകരിച്ചത്. ഇരുടീമുകളുടെയും ഗോൾ മുഖങ്ങളിലേക്ക് പന്ത് കുതിക്കുമ്പോൾ കാണികൾ ആർപ്പുവിളിച്ചു. ആയിരക്കണക്കിന് പേരാണ് മത്സരം കാണാന്‍ എത്തിയത്.
കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് പ്രിയ ടീമിന്റെ ജഴ്‌സികൾ അണിഞ്ഞാണ് എത്തിയത്. ഗാലറിയില്‍ മുട്ടിപ്പാട്ടുമുണ്ടായിരുന്നു. ആരാധകര്‍ക്ക് ആവേശമായി സിനിമാതാരം ലുക്മാന്‍ അവറാനും സിനിമാ പ്രവര്‍ത്തകരുമെത്തി. ആദ്യ പകുതിയുടെ ഇടവേളയില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങും ലുക്മാന്‍ അവറാനും പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തി. കാണികളുടെ ആവേശത്തിനൊപ്പം മൈതാനത്തിലേക്ക് കയറിയ തെരുവുനായ അര മണിക്കൂറോളം കുടുങ്ങി. മൈതാനം മുഴുവൻ ചുറ്റിയ നായ് വളന്റിയർമാർ ഏറെ പണിപ്പെട്ടാണ് മാറ്റിയത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ മുസ്‌ലിഹ് മഠത്തില്‍, കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, വൈസ് പ്രസിഡന്റ് പി.വി. പവിത്രന്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി ചെയര്‍മാന്‍ ഡോ. എ.പി. ഹസ്സന്‍ കുഞ്ഞി, ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കക്കാട് സ്വദേശി മുഹമ്മദ് സിനാന്‍ കണ്ണൂരിനായി ഗോൾ നേടിയപ്പോൾ ആവേശം അല തല്ലി. ഇൻജുറി ടൈമിൽ തൃശൂർ ഗോൾ മടക്കി മത്സരം സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

