സൂപ്പര്‍ ലീഗ് കേരള; ഫൈനൽ കളറാവും
text_fieldsകണ്ണൂർ വാരിയേഴ്സ് ടീമംഗങ്ങൾ പരിശീലനത്തിൽ (ഫോട്ടോ- ബിമൽ തമ്പി)
കണ്ണൂർ: ഒന്നരപ്പതിറ്റാണ്ടിന്റെ ഇടവേളയിൽ കണ്ണൂരിൽ വിരുന്നെത്തിയ സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനൽ കളറാവും. നേരത്തെ കോഴിക്കോട് നിശ്ചയിച്ച ഫൈനൽ കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയതിനൊപ്പം കണ്ണൂർ വാരിയേഴ്സ് ഫൈനലിലെത്തുകയും ചെയ്തതോടെ കണ്ണൂർ ജനത ആവേശത്തിമിർപ്പിലാണ്.
ഫൈനലിന് തൊട്ടുതലേന്ന് ടിക്കറ്റുകളെല്ലാം വിറ്റു തീരുകയാണ്. ഇതോടെ കലാശക്കളിക്ക് വൻ ജനക്കൂട്ടമൊഴുകിയെത്തുമെന്ന് ഉറപ്പായി. കണ്ണൂരിലെ ആദ്യ മത്സരദിനം കാണികൾ നിയന്ത്രണാതീതമായതിന്റെ പാശ്ചാത്തലത്തിൽ പൊലീസ് മുൻകരുതലുകളുണ്ടെങ്കിലും അഞ്ചുമണിയോടെ ഗാലറികളിൽ പ്രവേശനമനുവദിക്കും. മത്സരത്തിന് മുന്നോടിയായി ആറുമണി മുതൽ സാംസ്കാരിക പരിപാടികൾ വൈകീട്ട് ആറിന് ആരംഭിക്കും.
കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി സഹ ഉടമയും നടനുമായ ആസിഫ് അലി, തൃശൂര്‍ മാജിക് എഫ്.സി സഹ ഉടമയും നടനുമായ കുഞ്ചാക്കോ ബോബന് എന്നിവരുള്‍പ്പെടെ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും. കണ്ണൂര്‍ വാരിയേഴ്സിന്റെ അഞ്ച് ഹോം മത്സരത്തില്‍നിന്ന് 66,596 പേരാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്. 7.15ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും.
ശ്രദ്ധിക്കാം, ഇവ
ടിക്കറ്റില്‍ രേഖപ്പെടുത്തിയ സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. വി.വി.ഐ.പി ടിക്കറ്റുള്ളവര്‍ കണ്ണൂര്‍ ജില്ല സഹകരണ ബാങ്കിന് എതിര് വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്. വി.ഐ.പി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും അമൂല്‍ ഗാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്ന്, നാല് എന്നീ ഗെയിറ്റിലൂടെ അകത്തേക്ക് പ്രവേശിക്കാം. സ്നിക്കേഴ്സ് ഗാലറി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ ആറ്, ഏഴ് വഴിയും ഓണേഴ്സ് ബോക്സ് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ അഞ്ചിലൂടെയും സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം.
ടിക്കറ്റ്
ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകൾ വെബ് സൈറ്റിലോ, ആപ്ലിക്കേഷനില്‍ നിന്നോ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്. ഓഫ് ലൈന്‍ ടിക്കറ്റുകള്‍ ജവഹര്‍ സ്റ്റേഡിയത്തിന്റെ പരിസരത്തുള്ള ദയ മെഡിക്കല്‍ ഷോപ്പിന്റെ പരിസരത്തുള്ള ബോക്സ് ഓഫിസില്‍നിന്നും സെക്യൂറ മാളില്‍ തയാറാക്കിയ പ്രത്യേക കൗണ്ടറില്‍നിന്നും എടുക്കാവുന്നതാണ്. ഗാലറി, വി.ഐ.പി, വി.വി.ഐ.പി എന്നീ വിഭാഗങ്ങളിലാണ് ടിക്കറ്റുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

