കണ്ണൂരിൽ സൂപ്പര്‍ ലീഗ് ആരവം
text_fieldsകണ്ണൂർ ജവഹര്‍ മുനിസിപ്പില്‍ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുട്ബാൾ മത്സരങ്ങളുടെ ആദ്യ ടിക്കറ്റ് വിൽപന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയുടെ ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലി മേയര്‍ മുസ്‍ലിഹ് മഠത്തിലിന് നല്‍കി നിര്‍വഹിക്കുന്നു
കണ്ണൂർ: സൂപ്പർ ലീഗ് ഫുട്ബാളിൽ കണ്ണൂർ ജവഹര്‍ മുനിസിപ്പില്‍ ജവഹര്‍ സ്റ്റേഡിയത്തിലെ മത്സര ക്രമമായി. നവംബര്‍ ഏഴിന് ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയുടെ ഹോം ഗ്രൗണ്ടിൽ തൃശൂര്‍ മാജിക് എഫ്.സിയെ നേരിടും. അഞ്ച് ഹോം മത്സരങ്ങളാണ് ജവഹര്‍ സ്‌റ്റേഡിയത്തിലുള്ളത്. രാത്രി 7.30നാണ് മത്സരങ്ങൾ.
നവംബര്‍ 10ന് തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി, 19ന് മലപ്പുറം എഫ്.സി, 23ന് ഫോഴ്‌സ കൊച്ചി എഫ്.സി, 28ന് കാലിക്കറ്റ് എഫ്.സി എന്നിവരാണ് കണ്ണൂരിന്റെ എതിരാളികൾ. കണ്ണൂർ വാരിയേഴ്സിന്റെ അഞ്ച് എവേ മത്സരങ്ങളിൽ നാലെണ്ണം പൂര്‍ത്തിയായി. നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയന്റുമായി തോല്‍വി അറിയാതെ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ കുതിപ്പ് തുടരുകയാണ്.
ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ വേദി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ആദ്യ സീസണില്‍ കോഴിക്കോട് ആണ് നടന്നത്. സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് സ്വന്തമായി ഹോം സ്‌റ്റേഡിയം ഇല്ലായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സ് ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. നീണ്ട ഇടവേളക്കുശേഷം കണ്ണൂരില്‍ ഫുട്‌ബാള്‍ മത്സരങ്ങള്‍ തിരികെ എത്തുന്നതിൽ കായികപ്രേമികൾ ആവേശത്തിലാണ്.
കണ്ണൂരിലെ മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപവത്കരണം മേയര്‍ മുസ്‍ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയുടെ ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലി മേയര്‍ക്ക് നല്‍കി ആദ്യ ടിക്കറ്റ് വില്‍പന നിര്‍വഹിച്ചു. ടിക്കറ്റുകളുടെ വില്‍പന നവംബര്‍ മൂന്ന് മുതല്‍ തുടങ്ങും. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി ചെയര്‍മാന്‍ ഡോ. എം.പി. ഹസ്സന്‍ കുഞ്ഞി, ഡയറക്ടര്‍ കെ.എം. വര്‍ഗീസ് എന്നിവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. ഭാരവാഹികൾ: ഡോ. എംപി. ഹസ്സന്‍ കുഞ്ഞി (ചെയ.), വി.പി. പവിത്രന്‍, എം. അഖില്‍, നാസര്‍, ഡോ. പി.കെ. ജഗന്നാഥന്‍, ഒ.കെ. വിനീഷ്, എ.കെ. ഷരീഫ്, സി.കെ. സനോജ്, ബിനീഷ് കോടിയേരി (വൈസ് ചെയ.), എം.കെ. നാസർ (ജന. കണ്‍.), ഷാഹിന്‍ പള്ളികണ്ടി, സൈദ്, അഷോഖ് കുമാര്‍, ബാബുരാജ് (കണ്‍.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

