നാട് ചുട്ടുപൊള്ളുന്നു; സൂര്യാതപ മുന്നറിയിപ്പ്
text_fieldsചുട്ടുപൊള്ളുന്ന വെയിലിൽ കുടിവെള്ളമൊഴിച്ച് മുഖം തണുപ്പിക്കുന്ന നിർമാണ തൊഴിലാളി. കണ്ണൂർ കാൽടെക്സിൽനിന്നുള്ള കാഴ്ച
കണ്ണൂർ: കണ്ണൂർ ചുട്ടുപൊള്ളുകയാണ്. ചൂടുകൂടിയ സാഹചര്യത്തില്‍ സൂര്യാതപമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇനിയുള്ള ദിവസങ്ങളിൽ ചൂടുകൂടാനുള്ള സാധ്യത ഏറെയാണെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.
അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാക്കും. ഇത് ശരീര പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കും. ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നുചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, കടുത്ത തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവയും തുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടാവാം. സൂര്യാതപമേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
സൂര്യാതപത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
കനത്ത വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രയാധിക്യമുള്ളവരിലും രക്തസമ്മർദം ഉൾപ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതലായി കണുന്നത്.
കുട്ടികളില്‍ വിയര്‍പ്പുമൂലം ശരീരം ചൊറിഞ്ഞുതിണര്ക്കാനും സാധ്യതയുണ്ട്. കഴുത്തിലും നെഞ്ചിനു മുകളിലുമാണ് ഇത് കൂടുതല്‍ കാണുന്നത്.
ജോലി ചെയ്യുമ്പോൾ ജാഗ്രതയാവാം...
വെയിലുള്ള സ്ഥലത്തുനിന്നു തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ജോലി സമയം ക്രമീകരിക്കുക. ചൂടേറ്റ് പൊള്ളിയാൽ കുമിളകള്‍ പൊട്ടിക്കരുത്. ചികിത്സ തേടണം.
ഉച്ച 12 മുതൽ മൂന്നുവരെ വിശ്രമം
വെയിലത്ത് ജോലിചെയ്യുന്ന നിർമാണ തൊഴിലാളികൾ അടക്കമുള്ളവർ ജോലി സമയം ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉച്ച 12 മുതല്‍ വൈകീട്ട് മൂന്നുവരെ ജോലി നിർത്തിവെച്ച് വിശ്രമിക്കണം. വെയിൽചൂടിന് ഏറ്റവും കാഠിന്യമുള്ള സമയമാണിത്. ഈ സമയം സൂര്യാതപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. സൂര്യാതപം/ശരീര ശോഷണം വരാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കില്‍പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടുമുതൽ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കുക. വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങവെള്ളവും കുടിക്കണം.