വേനൽ കത്തുന്നു; കരുതൽ വേണം
text_fieldsകണ്ണൂർ: വേനൽചൂട് കനത്തതോടെ നാടും നഗരവും കത്തുകയാണ്. പുൽമേടുകളും അടിക്കാടുകളും തുടങ്ങി വീടുകളും കടകളും വാഹനങ്ങളും അഗ്നിക്കിരയാവാൻ തുടങ്ങി. ചൊവ്വാഴ്ച മാത്രം കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായി ആറിടത്താണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ടും അടുക്കളയിൽനിന്ന് തീപടർന്നതും വൈദ്യുതി ഉപകരണങ്ങൾ വിച്ഛേദിക്കാത്തതുമെല്ലാം തീപടരാൻ കാരണമാണ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നഗരത്തിൽ നാലിടത്ത് തീപിടിത്തമുണ്ടായതിനാൽ അഗ്നിശമനസേനാംഗങ്ങൾക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു ചൊവ്വാഴ്ച.
ജില്ലയിൽ കഴിഞ്ഞവർഷം 1800 വിളികളാണ് അഗ്നിരക്ഷസേനയെ തേടിയെത്തിയത്. ഇവയിൽ 1500ന് മുകളിൽ തീപിടിത്തമായിരുന്നു. കണ്ണൂർ ഫയർ സ്റ്റേഷനിൽ നിന്നുമാത്രം 400 സ്ഥലങ്ങളിലേക്കാണ് തീകെടുത്താനെത്തിയത്. മാലിന്യാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതും ഷോർട്ട് സർക്യൂട്ടുമാണ് മിക്കയിടത്തും വില്ലൻ. വാഹനങ്ങൾ കത്തുന്നതും വർധിച്ചിട്ടുണ്ട്. വേനൽക്കാലത്തുണ്ടാകുന്ന അപകടങ്ങളിൽ വാഹനങ്ങൾ കത്താനുള്ള സാധ്യയേറെയാണ്. കഴിഞ്ഞദിവസം കണ്ണൂർ സെൻട്രൽ ജയിലിനുസമീപം സ്വകാര്യ ബസ് ഓട്ടത്തിനിടെ കത്തിയത് നടുക്കമുണ്ടാക്കിയ കാഴ്ചയായിരുന്നു. തീപടരുന്നത് കണ്ടയുടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. വാഹനത്തിന്റെ കാലപ്പഴക്കവും തീകെടുത്താൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതും അഗ്നിബാധക്ക് കാരണമായി. തീകെടുത്താൻ ഡ്രൈകെമിക്കൽ പൗഡർ ഉൾപ്പെടെ ബസുകളിൽ വേണമെന്നാണ് നിയമം. ചൂടുകൂടിയതിനാലാണ് കഴിഞ്ഞദിവസം കല്യാശ്ശേരിയിൽ കൊപ്ര മില്ലിന് തീപിടിക്കാൻ കാരണമായത്. ബേക്കറികളുടെയും ഹോട്ടലുകളുടെയും അടുക്കളയിൽ തീപിടിക്കാനുള്ള സാധ്യതയേറെയാണ്. ഗ്യാസ് ചോരുന്നതും സിലിണ്ടർ ഓഫാക്കാൻ മറക്കുന്നതും വലിയ അപകടങ്ങൾ വരുത്തിവെക്കും.
വേനൽ കനക്കുന്നതോടെ പുൽമേടുകളും അടിക്കാടുകളും ഉണങ്ങി കത്താനുള്ള സാധ്യതയേറെയാണ്. ജില്ലയിൽ മാടായിപ്പാറ, ചാലക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ അഗ്നിബാധ നിത്യസംഭവമാണ്. ഏക്കർകണക്കിന് പുൽമേടുകളാണ് വർഷാവർഷം മാടായിപ്പാറയിൽ കത്തുന്നത്. മാടായിപ്പാറയിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിൽ ഏക്കർകണക്കിന് പുൽമേടുകളാണ് കത്തിയത്. സാമൂഹികവിരുദ്ധർ തീയിട്ടതിനെ തുടർന്നാണ് മാടായി കോളജ്, തെക്കീനാക്കീൽ കോട്ട ഭാഗത്തെ പുൽമേടുകൾ കത്തിയതെന്നാണ് കരുതുന്നത്. പുൽമേടുകൾക്കും കാടിനും സമീപമുള്ള വീടുകളിലെയും പറമ്പുകളിലെയും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് തീപടരാൻ കാരണമാകുന്നു. ഉച്ചസമയത്ത് തീയിടുമ്പോൾ പടരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. ചപ്പുചവറുകളും മാലിന്യവും കൂട്ടിയിടുന്നതും തീ പടരാൻ കാരണമാകും.
കഴിഞ്ഞദിവസം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ കടകൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശമുണ്ടായി. കമ്പ്യൂട്ടറിന്റെ യു.പി.എസ് ഓഫാക്കാതെ പോയതാണ് അഗ്നിബാധക്ക് കാരണമായത്. ബാറ്ററി ചാർജാകുമ്പോൾ ചൂടുകൂടുന്നതും കത്താൻ കാരണമായി. കുറുവയിൽ ചൊവ്വാഴ്ച വീട് കത്തിയതിനുപിന്നിലും ഷോർട്ട് സർക്യൂട്ടാണ് കാരണം. തീപിടിത്തം വർധിക്കുന്ന സാഹചര്യത്തിൽ ഫയർഫോഴ്സ് സുരക്ഷ മുന്നൊരുക്കം സ്വീകരിച്ചിട്ടുണ്ട്. അഗ്നിബാധ തടയാനായി രണ്ട് മൊബൈൽ ടാങ്ക് യൂനിറ്റുകൾ കഴിഞ്ഞദിവസം ജില്ലയിലേക്ക് പുതുതായി എത്തി. കണ്ണൂർ, പയ്യന്നൂർ സ്റ്റേഷനുകൾക്കാണ് വാഹനം ലഭിച്ചത്.