വിദ്യാർഥിക്ക് സേ പരീക്ഷ നഷ്ടമായ സംഭവം; പ്രധാനാധ്യാപകനെതിരെ വ്യാപക പ്രതിഷേധം
text_fieldsകണ്ണൂർ: പ്രധാനാധ്യാപകെൻറ അനാസ്ഥ മൂലം എസ്.എസ്.എൽ.സി വിദ്യാർഥിക്ക് സേ പരീക്ഷാ അവസരം നഷ്ടമായ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥി എം. നിഹാദിനാണ് പരീക്ഷക്കുള്ള അവസരം നഷ്ടമായത്. ഇതോടെ ഒരു അധ്യയന വർഷം നഷ്ടമാകുന്ന സ്ഥിതിയായി. സംഭവത്തിൽ സ്കൂളിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിദ്യാർഥിക്ക് സേ പരീക്ഷ എഴുതാൻ അവസരം ഒരുക്കുക, കൃത്യവിലോപം കാട്ടിയ പ്രധാനാധ്യാപകനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സേ പരീക്ഷക്ക് ആവശ്യമായുള്ള ഫീസടക്കം നിഹാദ് ട്രഷറിയിൽ അടച്ചിരുന്നു. ഇതിെൻറ രസീത് അടക്കം നേരത്തെ സ്കൂളിൽ ഹാജരാക്കി. എന്നാൽ, പരീക്ഷക്ക് ആവശ്യമായ തുടർ നടപടികൾ പ്രാധനാധ്യപാകൻ കൈക്കൊള്ളാത്തതിനാൽ നിഹാദിന് പരീക്ഷയെഴുതാൻ സാധിച്ചില്ല. സംഭവത്തിൽ യൂത്ത് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. നേരത്തെ വിദ്യാര്‍ഥിയും രക്ഷിതാവും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രധാനാധ്യാപകനെതിരെ ഹൈകോടതിയിൽ ഹരജി നല്‍കുമെന്ന് വിദ്യാർഥിയുടെ രക്ഷിതാക്കൾ അറിയിച്ചു.