തെരുവുനായ് ആക്രമണം; ചാലാടും പള്ളിക്കുന്നും പിഞ്ചുകുഞ്ഞ് അടക്കം 13പേർക്ക് കടിയേറ്റു
text_fieldsതെരുവ് നായുടെ ആക്രമണത്തിൽ പരിക്കേറ്റവർ കുത്തിവെപ്പിനായി കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിയപ്പോൾ
കണ്ണൂർ: ചാലാടും പള്ളിക്കുന്നും പിഞ്ചു കുഞ്ഞിനെയടക്കം കടിച്ചുപറിച്ച് തെരുവ് നായകൾ. 13 പേർക്കാണ് കടിയേത്. ചാലാട്-മണൽ ഭാഗത്ത് ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് തെരുവ് നായയുടെ അക്രമം. മണലിലെ ചിറമ്മൽ ജിജിലിന്റെ മകൻ എയ്ഡൻ (നാല്), ചാലാട് അൽ ഫലാഹിൽ കെ.എൻ. റയാൻ (10), ഇറ (12), ധരുൺ (40), മുഹമ്മദലി (70), കമറുദീൻ (88) തുടങ്ങിയവർക്കാണ് കടിയേറ്റത്. കൂടുതൽ പേർക്ക് കടിയേറ്റതായി പറയുന്നു. കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
പള്ളിക്കുന്ന് തയ്യിൽ കുളത്തിന് സമീപം വെള്ളിയാഴ്ചയാണ് തെരുവുനായയുടെ പരാക്രമം. പ്രദേശവാസികളായ കലാവതി (51), അനിൽകുമാർ(50), ജീവ(15), ദേവിക(55) എന്നിവരെയാണ് നായ കടിച്ചത്. രാവിലെ വീട്ടിൽനിന്നും ജോലിക്ക് പോകുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിനിയായ ദേവികക്ക് തെരുവുനായയുടെ കടിയേറ്റത്.
രാവിലെ ജോലി സ്ഥലത്തേക്ക് നടന്ന് പോകവേയാണ് കലാവതിയെയും തെരുവുനായ ആക്രമിച്ചത്. സാരി ഉൾപ്പെടെ നായ കടിച്ചുകീറി. വീടിന് സമീപത്ത് നിന്ന് ബൈക്ക് റിപ്പയർ ചെയ്യുകയായിരുന്ന അനിൽകുമാറിനെ കാലിനാണ് കടിച്ചത്. പുറകിൽ നിന്നെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.
വൈകീട്ട് പൊടിക്കുണ്ടിലേക്ക് മീൻ വാങ്ങാനായി പോയപ്പോഴാണ് അനിൽകുമാറിന്റെ മകൻ ജീവക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ നാലുപേരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലർ വി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ ജില്ല പഞ്ചായത്തിന്റെ നായപിടുത്തക്കാരെത്തി അക്രമകാരിയായ നായയെ പിടികൂടി.
പരിക്കേറ്റവർ ജില്ല ആശുപത്രിയിലെത്ത് കുത്തിവെപ്പെടുത്തു. ചികിത്സ തേടിയവരെ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, കൗൺസിലർ കെ.പി. റാഷിദ് തുടങ്ങിയവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

