കാടല്ല, കാലികൾ മേയുന്ന റോഡ്
text_fieldsകണ്ണൂർ: അലഞ്ഞുതിരിയുന്ന കന്നുകാലികൾ കണ്ണൂർ സിറ്റിയുടെയും പരിസര പ്രദേശങ്ങളുടെയും സ്ഥിരം കാഴ്ചയാണ്. ഇവ വരുത്തിവെക്കുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും ചില്ലറയൊന്നുമല്ല. സിറ്റി, നീർച്ചാൽ, ആയിക്കര, മരക്കാർകണ്ടി, തയ്യിൽ ഭാഗങ്ങളിലാണ് കന്നുകാലികൾ അലഞ്ഞുതിരിയുന്നത്. ഇവിടെ വീതി കുറഞ്ഞ റോഡ് കൈയടക്കിയാണ് ഇവയുടെ കറക്കം.
രാത്രിയിൽ കിടാങ്ങൾക്കൊപ്പം കൂട്ടമായി നീങ്ങുന്ന കാലികൾ വാഹനയാത്രക്കാർക്ക് ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടാവുന്നത്. വളവിലും ടൗണുകളിലും തമ്പടിക്കുന്ന കന്നുകാലികളെ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യ സംഭവം. ഇവയുടെ ഉടമസ്ഥർ എത്തുകയോ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യാറില്ല.
സിറ്റി, നീർച്ചാൽ, ആയിക്കര ഭാഗങ്ങളിലെ അറവുശാലകളിലെയും സ്വകാര്യ വ്യക്തികളുടേയുമാണ് മിക്ക കാലികളും. വീടുകളിൽ പോറ്റുന്നവയെ വൈകീട്ട് പാൽകറന്നെടുത്ത ശേഷം വീണ്ടും റോഡിലേക്ക് പറഞ്ഞയക്കും. അറവുശാലകളിൽ സൗകര്യമില്ലാത്തതിനാലാണ് ഇവയെ തെരുവിൽ അലയാൻ വിടുന്നത്.
കറുത്ത നിറമുള്ള കാലികൾ റോഡരികിൽ നിലയുറപ്പിച്ചാൽ രാത്രി ഡ്രൈവർമാർക്ക് പെട്ടെന്ന് മനസ്സിലാവില്ല. ഇവയുടെ കാലിലും മറ്റും വാഹനം കയറിയിറങ്ങും. ഇത്തരത്തിൽ പരിക്കേറ്റ കാലികളെ ഉടമകൾ കൊണ്ടുപോവുകയാണ് പതിവ്. നിർത്തിയിട്ട വാഹനങ്ങളിൽ കൊമ്പുതട്ടി പോറലേൽക്കുന്നതും വാഹനയുടമകൾക്ക് ഭീഷണിയാണ്. കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലും അലഞ്ഞുതിരിയുന്ന കാലികൾ എത്താറുണ്ട്. കഴിഞ്ഞയാഴ്ച ട്രെയിൻതട്ടി പശുക്കിടാവ് മരിച്ചിരുന്നു.
പശുക്കൾ പാളത്തിലൂടെ നടക്കുന്നത് ട്രെയിൻ സുരക്ഷക്കും ഭീഷണിയാണ്. കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം വർധിച്ചതോടെ കോർപറേഷൻ, വളർത്തുന്നവരുടെ യോഗം വിളിച്ച് ഉടമകൾക്കുവേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. പയ്യാമ്പലത്ത് പശുക്കൾ അക്രമാസക്തരാവുകയും കുത്തേറ്റ് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങുകയാണ് കോർപറേഷൻ. പശുക്കൾ അപകടം വരുത്തിയാലോ ആളുകളെ ആക്രമിച്ചാലോ ഉടമകളാരും വരാറില്ല. അപകടകരമാംവിധം പശുക്കളെ അലയാൻവിട്ടാൽ കോർപറേഷൻ നടപടിയെടുക്കും. കാലികളെ സംരക്ഷിക്കുന്നതിന് 500 രൂപവെച്ച് സംരക്ഷണത്തിനുള്ള പൈസയും ഉടമകളിൽനിന്ന് ഈടാക്കും.
പശുക്കളെ ലേലം ചെയ്യും
കണ്ണൂർ കോർപറേഷന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടന്നതും ഉടമസ്ഥരായി ആരുമെത്താത്തതുമായ പശുക്കളെ ലേലം ചെയ്യുന്നു.
അലഞ്ഞുതിരിഞ്ഞ അഞ്ച് പശുക്കളെ 24ന് പാറക്കണ്ടി കാറ്റിൽ പൗണ്ടിൽ പിടിച്ചുകെട്ടിയിട്ടിട്ടുണ്ട്. ഉടമസ്ഥർ ഹാജരാകാത്ത പക്ഷം 30ന് രാവിലെ 10.30ന് പാറക്കണ്ടി ഹെൽത്ത് ഓഫിസിൽ പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടാം. ഫോൺ: 9947198897.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

