സമരം നിർത്തുന്നു; അടിപ്പാതക്ക് പകരം മേൽപാലം
text_fieldsമഠം ഭാഗത്തെ ടാറിങ് പൂർത്തിയായ ദേശീയപാത
എടക്കാട്: അടിപ്പാതക്കുവേണ്ടി നാലുമാസത്തിനു മുകളിലായി തുടരുന്ന പന്തൽകെട്ടി സമരം നിർത്തുന്നു. അടിപ്പാതക്ക് പകരം പാതക്ക് മുകളിലൂടെ മേൽപാലം പരിഗണിക്കാമെന്ന് കെ. സുധാകരൻ എം.പി അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.
ജില്ല കലക്ടർ അരുൺ കെ. വിജയൻ, പ്രോജക്റ്റ് ഓഫിസർ പുനിൽ കുമാർ എന്നിവരുടെ കൂടെ സമരപ്പന്തലിലെത്തി നൽകിയ എം.പിയുടെ ഉറപ്പിന്റെ ഫലമായാണ് സമരം നിർത്തുന്നതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.
ബ്ലോക്ക് രൂപത്തിലുള്ള അടിപ്പാതയെങ്കിലും വേണമെന്ന ആവശ്യം സമരക്കാർ മുന്നോട്ട് വെച്ചെങ്കിലും റോഡുപണിയുടെ അന്തിമഘട്ടത്തിൽ ഇത് പരിഗണിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന് പ്രോജക്റ്റ് ഓഫിസർ അറിയിക്കുകയായിരുന്നു. എങ്കിലും ഇതിന്റെ രൂപരേഖ തയാറാക്കി ഒരാഴ്ചക്കുള്ളിൽ ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുമെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 14 മുതൽ ഈ ആവശ്യമുയർത്തി നടത്തുന്ന സമരം 140 ദിവസം പിന്നിട്ടിരിക്കുകയാണ്.
തീരുമാനം വന്നതോടെ തിങ്കളാഴ്ച സമരപ്പന്തലിൽ ആഘോഷ വിരുന്നൊരുക്കി സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. നിലവിൽ യൂത്തിനും എഫ്.സി.ഐക്ക് മുന്നിലും കുളംബസാറിലുമുള്ള അടിപ്പാത നിർമാണം അവസാനഘട്ടത്തിലെത്തി.
ആദ്യഘട്ടത്തിൽ റോഡ് നിർമാണം തടഞ്ഞു നടത്തിയ സമരം അറസ്റ്റിലും സംഘർഷത്തിലും കലാശിച്ചിരുന്നു. പിന്നീട് പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് നിർമാണത്തിന് തടസ്സമില്ലാത്ത രൂപത്തിൽ പന്തൽകെട്ടി സമരം ആരംഭിച്ചത്.
എഫ്.സി.ഐയുടെ ഭാഗം മുതൽ മുഴപ്പിലങ്ങാട് മാഹി ബൈപാസ് ആരംഭിക്കുന്നയിടം വരെയുള്ള റോഡിന്റെ ടാറിങ് കഴിഞ്ഞു. ഇവിടെ റോഡിനിരുവശവും നിർമിക്കുന്ന സുരക്ഷഭിത്തിയുടെ നിർമാണം മാത്രമാണിനി ബാക്കിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

