ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകൾക്ക് സ്റ്റോപ്
text_fieldsകണ്ണൂര്‍: മലബാറിലെ ഏഴ് ഹാള്‍ട്ട് സ്റ്റേഷനുകളില്‍ 25 മാസത്തിന് ശേഷം ട്രെയിനുകള്‍ക്ക് സ്‌റ്റോപ് അനുവദിച്ചു. കാസര്‍കോട് ജില്ലയിലെ ചന്തേര, കളനാട്, കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍, ധർമടം, മുക്കാളി, കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡ്, പാലക്കാട് മങ്കര എന്നിവിടങ്ങളിലാണ് സ്‌റ്റോപ് അനുവദിച്ചത്. നിലവില്‍ രണ്ടു മെമു മാത്രമാണ് ഷൊര്‍ണൂരിനും മംഗളൂരുവിനും ഇടയില്‍ ഓടുന്നത്. എക്‌സ്പ്രസ്, മെയില്‍ വണ്ടികള്‍ക്ക് ഹാള്‍ട്ട് സ്റ്റേഷനില്‍ സ്‌റ്റോപ്പില്ല.
ഷൊര്‍ണൂര്‍ -കണ്ണൂര്‍, ഷൊര്‍ണൂര്‍ മെമു (06023/ 06024), കണ്ണൂര്‍ -മംഗളൂരു കണ്ണൂര്‍ മെമു (06477/06478) എന്നിവ ഇനി ഹാള്‍ട്ട് സ്റ്റേഷനില്‍ നിര്‍ത്തും. സ്വകാര്യ ഏജന്റുമാരെ വെച്ച് ടിക്കറ്റ് നല്‍കുന്ന ചെറിയ റെയില്‍വേ സ്റ്റേഷനുകളാണ് ഹാള്‍ട്ട് സ്റ്റേഷന്‍. തിരുവനന്തപുരം ഡിവിഷനിലെ ഭൂരിഭാഗം ഹാള്‍ട്ട് സ്റ്റേഷനിലും ഇപ്പോള്‍ മെമു, അണ്‍ റിസര്‍വ്ഡ് ട്രെയിനുകൾ നിര്‍ത്തുന്നുണ്ട്.
എന്നാല്‍, മലബാറിലെ 10 ഹാള്‍ട്ട് സ്റ്റേഷനുകളില്‍ 25 മാസമായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല. വെള്ളയില്‍, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങല്‍, നാദാപുരം റോഡ്, മുക്കാളി, ധർമടം, ചിറക്കല്‍, ചന്തേര, കളനാട് എന്നിവിടങ്ങളില്‍ 2020 മാര്‍ച്ചിലാണ് അവസാനമായി ട്രെയിൻ നിര്‍ത്തിയത്. പാസഞ്ചര്‍ എക്‌സ്പ്രസ് ആയപ്പോള്‍ ചെറുസ്റ്റേഷനുകള്‍ ആദ്യം പടിക്ക് പുറത്തായി.
2021 മാര്‍ച്ചില്‍ ഷൊര്‍ണൂര്‍ -കണ്ണൂര്‍ ഷൊര്‍ണൂര്‍ മെമു (06023/ 06024) വന്നപ്പോള്‍ 10 ഹാള്‍ട്ട് സ്റ്റേഷനെയും ഒഴിവാക്കി. 2021 ആഗസ്റ്റ് 30 മുതല്‍ ഓടിയ കണ്ണൂർ -മംഗളൂരു മെമു ചിറക്കല്‍, ചന്തേര, കളനാട് സ്‌റ്റോപ്പുകളില്‍ നിര്‍ത്തിയില്ല.