അപകടക്കെണിയായി റോഡിൽ നിരത്തിയ കല്ലുകൾ
text_fieldsദേശീയപാത വികസനത്തിന്റെ ഭാഗമായി കച്ചേരി കവലയിലെ മെക്കാഡം ടാറിങ് ചെയ്ത റോഡിൽ നിരത്തിയ വലിയ കല്ലുകൾ
കല്യാശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കച്ചേരി കവലയിലെ മെക്കാഡം ടാർ ചെയ്ത റോഡിൽ വലിയ കല്ലുകൾ നിരത്തിയത് അപകടക്കെണിയാകുന്നു. കഴിഞ്ഞ ഒന്നര മാസമായി പാതയിൽ കല്ലുകൾ നിരത്തിയത് മൂലം കവലയിൽ പതിവായി അപകടങ്ങളുണ്ടാവുന്നുണ്ട്.
അമിത വേഗത്തിൽ ഓടുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിക്കുന്ന കല്ലുകൾ ശരീരത്തിൽ തട്ടി പരിക്കേൽക്കുന്നവരും ഏറെയാണ്. കഴിഞ്ഞദിവസം കവലയിൽ ലോട്ടറി വിൽപനക്കാരനായ ഇ.വി. പവിത്രന്റെ കണ്ണിന് കല്ലുതെറിച്ച് പരിക്കേറ്റിരുന്നു.
തുടർന്ന് വൈദ്യ സഹായം തേടുകയായിരുന്നു. നിരവധി പേർക്കാണ് സമാനരീതിയിൽ കല്ലുതെറിച്ച് പരിക്കേൽക്കുന്നത്. നിരവധി കച്ചവട സ്ഥാപനത്തിന്റെ ചില്ലുകളും കല്ല് തെറിച്ച് തകർന്നു.
സ്ഥിരമായി കല്ല് തെറിക്കുന്നത് മൂലം കവലയിലെ കച്ചവട സ്ഥാപനങ്ങളും മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ദേശീയപാതയിൽ നിന്നും കീച്ചേരി കവല വഴി അഞ്ചാംപീടികയിലേക്ക് പോകുന്ന റോഡിലാണ് വലിയ ഭീഷണി നിലനിൽക്കുന്നത്.
പാത വികസനം നടക്കുന്നതിനാൽ റോഡിന്റെ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ആ റോഡിലാണ് നിറയെ കല്ലുകൾ നിരത്തിയിട്ടത്. റോഡിന് വീതികുറഞ്ഞതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കച്ചവടസമുച്ചയത്തിന്റെ കെട്ടിട ഭാഗങ്ങളിൽ തട്ടുന്നതും പതിവാണ്. റോഡിൽ നിരത്തിയ കല്ലുകൾ തെറിക്കുന്നതൊഴിവാക്കാൻ കവലയിൽ താൽക്കാലികമായെങ്കിലും ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.