തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പ് ദിവസം തലോറയിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
പരിയാരം പഞ്ചായത്തിലെ തലോറയിൽ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ തളിപ്പറമ്പ് എസ്.ഐ സുനിൽ കുമാറിെൻറ ഔദ്യോഗികവാഹനം തടയുകയും വാഹനത്തിന് കെല്ലറിയുകയും ചെയ്തതിന് കണ്ടാലറിയാവുന്ന 50 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
തലോറ എ.എൽ.പി സ്കൂളിലെ യു.ഡി.എഫ് ഏജൻറിന് ഭീഷണിയുണ്ടെന്ന വിവരത്തെ തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയത്.
ബൂത്ത് ഏജൻറിനെ പൊലീസ് ജീപ്പിൽ കയറിയതോടെ ഒരുസംഘം സി.പി.എം പ്രവർത്തകർ പൊലീസിനെ കല്ലെറിയുകയായിരുന്നുവത്രെ. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബൂത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് രണ്ട് എൽ.ഡി.എഫ് ബൂത്ത് ഏജൻറുമാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ചിറവക്കിലെ അക്കിപ്പറമ്പ് 77എ നമ്പര്‍ ബൂത്തിലെ എൽ.ഡി.എഫ് ഏജൻറുമാരായ മുഹമ്മദ് കൊമ്മച്ചി, ശിവദാസന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.