സംസ്ഥാന വനമിത്ര അവാർഡ് തളിപ്പറമ്പ് സർ സയ്യിദ് കോളജിന്
text_fieldsതളിപ്പറമ്പ് സർ സയ്യിദ് കോളജിലെ വന ഉദ്യാനം
തളിപ്പറമ്പ്: കേരള സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള സോഷ്യൽ ഫോറസ്ട്രി വിഭാഗം ഓരോ ജില്ലയിലും ഏർപ്പെടുത്തിയ 2022 വർഷത്തെ വനമിത്ര അവാർഡ് തളിപ്പറമ്പ് സർ സയ്യിദ് കോളജിന് ലഭിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള അംഗീകാരമായാണ് കോളജിന് അവാർഡ് ലഭിച്ചത്. 25000 രൂപയും പ്രശസ്ത്രി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പശ്ചിമഘട്ടത്തിൽ അത്യപൂർവമായി കാണപ്പെടുന്ന ചെടികളുടെ ശേഖരവും സംരക്ഷണവുമാണ് സർ സയ്യിദ് കോളജ് നടപ്പാക്കിയതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ പ്രവർത്തനം. ഒരേക്കർ പതിനഞ്ച് സെന്റ് സ്ഥലമാണ് കോളജ് മാനേജ്മെന്റ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്.
അഗസ്ത്യമലയിൽ മാത്രം കാണുന്ന ആരോഗ്യപച്ച, ഏകനായകം മുതൽ നാഗപൂമരം, ഒരില, മധുരം കൊല്ലി, നാഗലിംഗം, രുദ്രാക്ഷം, ആനതുളസി, രക്തചന്ദനം, മന്ദാരം, നീർമാതളം, പേഴ്, അരയാൽ, പേരാൽ തുടങ്ങിയ വൃക്ഷങ്ങൾ വനവൈവിധ്യത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കാമ്പസിലെ ശലഭ ഉദ്യാനം എപ്പോഴും വൈവിധ്യമാർന്ന ശലഭങ്ങളാൽ സമ്പന്നമാണ്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, കേരള ജൈവ വൈവിധ്യ ബോർഡ്, ഔഷധ സസ്യബോർഡ്, സംസ്ഥാന വനംവകുപ്പ്, ഒയിസ്ക ഇന്റർനാഷനൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ, പറശ്ശിനിക്കടവ് ആയുര്‍വേദിക് കോളജ്, എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയം എന്നിവയുടെ സഹായത്തോടെയാണ് കോളജിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. കോളജ് മാനേജ്മെന്റ് കമ്മിറ്റിയായ സി.ഡി.എം.ഇ.എയുടെ പ്രസിഡന്റ് അഡ്വ. പി. മഹമൂദ്, ജനറല്‍ സെക്രട്ടറി അള്ളാംകുളം മഹമൂദ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇസ്മായിൽ ഒലായിക്കര, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. താജോ എബ്രഹാം, ബൊട്ടാണിക്കൽ ഗാർഡൻ കൺവീനർ ഡോ. അബ്ദുസലാം, സുവോളജി വിഭാഗം മേധാവിയും, ജൈവ വൈവിധ്യ ക്ലബ് കൺവീനറുമായ ഡോ. മുംതാസ്, ഫോറസ്ട്രി വിഭാഗം മേധാവി സ്നേഹ, ഭൂമിത്രസേന ക്ലബ് കൺവീനർ ഡോ. ശ്രീജ എന്നിവരാണ് ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

