സംസ്ഥാന ജേണലിസ്റ്റ് വോളി കപ്പടിച്ച് കണ്ണൂർ
text_fieldsകണ്ണൂർ പ്രസ് ക്ലബും കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ജേണലിസ്റ്റ് വോളി ലീഗിൽ കിരീടം നേടിയ കണ്ണൂർ ടീം
കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച കനറാ ബാങ്ക് സംസ്ഥാന ജേണലിസ്റ്റ് വോളിബാൾ ടൂർണമെന്റിൽ ആതിഥേയർക്ക് കിരീടം. കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം പ്രസ് ക്ലബിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് കീഴടക്കിയാണ് കണ്ണൂർ വിജയത്തിലകമണിഞ്ഞത്. 12 പോയന്റാണ് കണ്ണൂരിന് ലഭിച്ചത്. 10 പോയന്റുള്ള കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. എണാകുളം പ്രസ് ക്ലബ് മൂന്നാം സ്ഥാനം നേടി. ടൂർണമെന്റ് സമാപനം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും അരലക്ഷം രൂപ പ്രൈസ് മണിയും അദ്ദേഹം സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും 30,000 രൂപയും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഒ.കെ. വിനീഷും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാർക്കുള്ള പുരസ്കാരങ്ങൾ മുഖ്യാതിഥിയായ കനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാറും റീജനൽ മാനേജർ പി.യു. രാജേഷും ഗെയിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്റണിയും സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ ഒ.കെ. വിനീഷ് അധ്യക്ഷത വഹിച്ചു.
പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, സെക്രട്ടറി കെ. വിജേഷ് എന്നിവർ സംസാരിച്ചു.