സെന്റ് തെരേസാസ് വിദ്യാർഥികൾക്ക് നഷ്ടമായ മാർക്ക് തിരികെ ലഭിച്ചു
text_fieldsകണ്ണൂർ: പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക് ചേർക്കുന്നതിൽ പിഴവുവന്നതിനെ കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് നഷ്ടമായ മാർക്ക് തിരികെ ലഭിച്ചു. പുതുക്കിയ മാർക്ക് ഹയർ സെക്കൻഡറി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെ 120 കുട്ടികൾക്കും 20 മാർക്ക് അധികം ലഭിച്ചു. 36 കുട്ടികൾക്കുകൂടി മുഴുവൻ വിഷയത്തിലും എ പ്ലസ് നേട്ടവും ഒരാൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.
കസാനകോട്ട സ്വദേശി പി.എം. നൗഷാദിന്റെ മകൾ റിദ നൗറീനാണ് മുഴുവൻ മാർക്കും ലഭിച്ചത്. ഗണിതശാസ്ത്രം പ്രാക്ടിക്കലിന്റെ മാർക്ക് പരീക്ഷ ചുമതലക്കെത്തിയ അധ്യാപിക 40ന് പകരം 20ൽ നൽകിയതാണ് വിദ്യാർഥികൾക്ക് ഉന്നതവിജയം നഷ്ടമാകാൻ കാരണം. മാർക്ക് കുറഞ്ഞ പരാതിയെത്തുടർന്ന് സ്കൂൾ അധികൃതരെയും പ്രാക്ടിക്കൽ പരീക്ഷ ചുമതലക്കെത്തിയ അധ്യാപികയെയും തിരുവനന്തപുരത്ത് ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു.
അധ്യാപികക്ക് സംഭവിച്ച പിഴവ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് ബോധ്യമായതിനെത്തുടർന്നാണ് മാർക്ക് നൽകിയത്. പ്ലസ് ടു സയൻസ്, കമ്പ്യൂട്ടർ സയൻസ് ബാച്ചിലെ 120 കുട്ടികൾക്കാണ് പ്രാക്ടിക്കൽ മാർക്ക് കൃത്യമായി ലഭിക്കാതെ പോയത്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് പ്രതീക്ഷിച്ചിരുന്നവർക്കടക്കം 20 മാർക്ക് ലഭിക്കാതെപോയത് ആശങ്കക്കിടയാക്കിയിരുന്നു. നഷ്ടമായ മാർക്ക് തിരികെലഭിച്ച ആശ്വാസത്തിലാണ് വിദ്യാർഥികൾ.