
പൊലീസുകാരനെ കടിച്ചുപരിക്കേൽപിച്ച യുവാവിന് ഒന്നര വർഷം തടവ്
text_fieldsശ്രീകണ്ഠപുരം: അക്രമക്കേസില്‍ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പൊലീസുകാരനെ കടിച്ചുപരിക്കേല്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ഒന്നര വര്‍ഷം തടവിന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. കണിയാര്‍വയലിലെ വാഴക്കുന്നത്ത് അനില്രാജനെയാണ് (43) ശിക്ഷിച്ചത്.
2014 സെപ്റ്റംബർ 25നാണ് കേസിനാസ്പദമായ സംഭവം. രാത്രി കോട്ടൂരില്‍ റോഡില്‍ ബഹളംവെക്കുകയും അക്രമം നടത്തുകയും ചെയ്തതിന് അനില്രാജനെ അന്നത്തെ എസ്.ഐ സി.എച്ച്. ഉണ്ണികൃഷ്ണന് അറസ്റ്റ്ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സ്റ്റേഷനില്‍ ഇരുത്തിയ ഇയാള്‍ പെട്ടെന്ന് പ്രകോപിതനായി ഇറങ്ങിയോടാന്‍ ശ്രമിച്ചു.
അന്ന് കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സി.പി.ഒ ടി.ഒ. രാജീവന് ഇയാളെ തടഞ്ഞതോടെ വലതുകൈക്ക് കടിച്ച് പുറത്തേക്ക് ചാടി. ഇയാളെ പൊലീസുകാര്‍ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്കുതന്നെ കൊണ്ടുവരുകയായിരുന്നു.
