പാലക്കയംതട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
text_fieldsശിഹാബുദ്ദീന്
ശ്രീകണ്ഠപുരം: വിനോദസഞ്ചാരകേന്ദ്രമായ പാലക്കയംതട്ടില്‍ പോയി മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് പ്രവാസി യുവാവ് മരിച്ചു. ഭാര്യക്കും മക്കള്‍ക്കും പരിക്കേറ്റു. മാടായി പുതിയങ്ങാടി സി.കെ റോഡിലെ മന്ഹ വീട്ടിൽ ശിഹാബുദ്ദീന് (39) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ നടുവില്‍ കുടിയാന്മല റോഡില്‍ കൈതളത്തായിരുന്നു അപകടം. പരിക്കേറ്റ ഭാര്യ മുബീന (30), മക്കളായ ഷിഫ (ഒമ്പത്), മുഹമ്മദ് ഷാല്‍ (നാല്) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ടാണ് ഇവർ കുടുംബസമേതം ബൈക്കിൽ പാലക്കയത്തെത്തിയത്. രാത്രി ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍നിന്ന് 25 അടിയോളം താഴ്ചയുള്ള സമീപത്തെ കൃഷിയിടത്തിലേക്ക് മറിഞ്ഞത്. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിഹാബുദ്ദീന് മരിച്ചിരുന്നു. മുബീനക്ക് സാരമായി പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.
പ്രവാസിയായ ശിഹാബുദ്ദീന് ഒരുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. അടുത്തയാഴ്ച ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിെൻറ ഭാഗമായാണ് കുടുംബസമേതം വിനോദയാത്രക്ക് പോയത്. പുതിയങ്ങാടിയിലെ അബ്ദുല്ല- ജമീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷുഹൈബ്, നൗഫല്‍, ജസീല, ആമിന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

