എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
text_fieldsഹബീബ് റഹ്മാൻ
ശ്രീകണ്ഠപുരം: എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലുൾപ്പെട്ട ജില്ലയിലെ പ്രധാന കണ്ണിയായ യുവാവ് അറസ്റ്റില്‍. ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ വടക്കുംപാത്ത് പുതിയപുരയിൽ വി.പി. ഹബീബ് റഹ്മാനെ(30)യാണ് റൂറല്‍ എസ്.പിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫ് ടീം കൊട്ടൂര്‍വയലില്‍നിന്ന് പിടികൂടിയത്.
തുടർന്ന് ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാർ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ചയായി ഇയാളുടെ നീക്കങ്ങള്‍ ഡാന്‍സാഫ് ടീം നിരീക്ഷിച്ചുവരുകയായിരുന്നു. പ്രതി സഞ്ചരിച്ച കാർ പിന്തുടർന്ന അന്വേഷണസംഘം കൊട്ടൂർവയലിൽനിന്ന് പിടികൂടുകയായിരുന്നു.
ഇയാളില്‍ നിന്ന് 1.68 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മലയോര മേഖലയിൽ പെണ്‍കുട്ടികള്‍ക്കടക്കം ലഹരിമരുന്ന് ഹബീബ് റഹ്മാന്റെ സംഘം എത്തിച്ചുകൊടുക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ചെങ്ങളായി ചേരൻകുന്നിൽവെച്ച് മയക്കുമരുന്നുമായി പിടിയിലായ റാഷിദ് ഇയാളുടെ സംഘത്തില്‍പ്പെട്ട ആളാണ്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മയക്കുമരുന്നുകളുമായി ശ്രീകണ്ഠപുരത്തുനിന്ന് പിടിയിലാകുന്ന അഞ്ചാമനാണ് ഹബീബ് റഹ്മാൻ. ഇയാളുടെ കൂട്ടാളികളും മയക്കുമരുന്ന് വാങ്ങുന്ന ചിലരും പൊലീസ് നിരീക്ഷണത്തിലാണുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

