ടോക്കണിലൊതുങ്ങുന്ന പദ്ധതികൾ
text_fieldsവണ്ണായിക്കടവ് പാലം, കൂട്ടുംമുഖം - ചെമ്പേരി റോഡ്
ശ്രീകണ്ഠപുരം: ബജറ്റിൽ ടോക്കൺ അനുവദിക്കുന്ന പദ്ധതികളുടെ പട്ടികയിൽ മാത്രം പതിവായി ഇടം പിടിക്കുന്ന ചില പ്രവൃത്തികളുണ്ട് ഇരിക്കൂർ മണ്ഡലത്തിൽ. വർഷങ്ങളായി വികസനത്തിന് തുക അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിട്ടും യഥാർഥ്യമാകാത്ത പദ്ധതികൾ. ഇത്തവണ രണ്ട് പദ്ധതികളാണ് ഇരിക്കൂർ മണ്ഡലത്തിന് ബജറ്റിൽ ലഭിച്ചത്.
മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡിന്‍റെ മെക്കാഡം ടാറിങ്ങും(15 കോടി) ഉളിക്കൽ - ഇരിട്ടി റോഡില്‍ ഉളിക്കല്‍ മുതല്‍ ചെട്ടിയാര്‍പീടിക വരെ മൂന്നു കിലോമീറ്റർ മെക്കാഡം ടാറിങ്ങും(5.25 കോടി). 27 പദ്ധതികൾ ടോക്കൺ പട്ടികയിൽ ഒതുങ്ങി. എന്തിനാണ് ഞങ്ങളെ ഇങ്ങനെ വഞ്ചിക്കുന്നതെന്നാണ് ഇരിക്കൂർ മണ്ഡലത്തിലെ ജനങ്ങൾ ചോദിക്കുന്നത്. ഇത്തരത്തിൽ പതിവായി ടോക്കൺ പദ്ധതി പട്ടികയിലുൾപ്പെടുന്ന മണ്ഡലത്തിലെ ചില പദ്ധതികൾ.
കൊളന്തക്കടവ് പാലം
2014 -15 മുതൽ എല്ലാ ബജറ്റുകളിലും ടോക്കൺ പദ്ധതിയായിട്ട് കൊളന്തകടവ് പാലമുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. 2015 -ൽ കെ.സി ജോസഫ് എം.എൽ.എയുടെ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് പാലത്തിനായുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിരുന്നു. ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കുശേഷം പാലത്തിനും സമീപന റോഡിനുമുള്ള അലൈൻമെന്‍റ് തയാറാക്കുകയും പാലത്തിന്‍റെ രൂപരേഖ അംഗീകരിക്കുകയും ചെയ്തു.
ചെങ്ങളായി - കൊയ്യം റോഡിൽ നിന്ന് തവറുൽ കടവിനേയും കൊളന്ത ഭാഗത്ത് അഡൂർ പള്ളികടവിൽ ചേരുന്ന അഡൂർ - മലപ്പട്ടം റോഡിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള പാലത്തിനും സമീപന റോഡിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായി അന്ന് 10.50 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി നൽകി. എന്നാൽ തുടർന്നുള്ള ബജറ്റിൽ ടോക്കൺ പദ്ധതികളിലുൾപ്പെടുത്തിയതല്ലാതെ കൂടുതൽ തുക അനുവദിച്ചിട്ടില്ല.
ഇരിക്കൂർ പാലം
1970 -ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരനാണ് ഇരിക്കൂർ പാലം ഉദ്ഘാടനം ചെയ്തത്. 55 വർഷം മുൻപ് നിർമിച്ച കാലപ്പഴക്കത്താൽ നശിച്ച് അപകടാവസ്ഥയിലുള്ള പാലത്തോടുള്ള സർക്കാർ അവഗണന തുടരുകയാണ്. അപകടാവസ്ഥയിലായ ഇരിക്കൂർ പാലത്തിൽ അമിത ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി സ്ഥാപിച്ച ''ഹൈറ്റ് ഗേജ്'' ഉൾപ്പെടെ തകർന്നു. പുതിയ പാലം നിർമിക്കുന്നതിന് പി.ഡബ്ല്യു.ഡി ഒരു വർഷം മുൻപ് ഇൻവെസ്റ്റിഗേഷൻ നടത്തി 12 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്ക് സമർപ്പിച്ചെങ്കിലും നടപടിയായില്ല.
കണ്ടകശ്ശേരി പാലം
ക്‌നാനായ കുടിയേറ്റ സുവർണ ജൂബിലി സ്മാരകമായാണ് കാൽനൂറ്റാണ്ടു മുൻപ് പയ്യാവൂർ - പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണ്ടകശ്ശേരിയിൽ പാലം പണിതത്. നാട്ടുകാർ പിരിവെടുത്തായിരുന്നു നിർമാണം. 1993-ൽ ശിലാസ്ഥാപനം നടത്തി. പടിയൂർ, പയ്യാവൂർ പഞ്ചായത്തും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പാലം നിർമാണവുമായി സഹകരിച്ചു. 2002 -ൽ കോട്ടയം രൂപതാ മെത്രാൻ മാർ. മാത്യു മൂലക്കാട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന വർഷം മണിക്കടവിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചലിൽ പാലത്തിന്റെ തൂണുകൾ പുഴയിലേക്ക് താഴ്ന്നു പോയിരുന്നു. കൈവരികൾ ഉൾപ്പെടെ തകർന്ന നിലയിലാണ്. കഴിഞ്ഞ മാസം ഇരുമ്പ് പൈപ്പ് കൊണ്ട് പയ്യാവൂർ പഞ്ചായത്ത് താത്കാലിക കൈവരി നിർമിച്ചിട്ടുണ്ട്. ബജറ്റിൽ പുതിയ പാലം പ്രതീക്ഷിച്ചെങ്കിലും ടോക്കൺ മാത്രമാണ് അനുവദിച്ചത്.
കൂട്ടുംമുഖം - ചെമ്പേരി റോഡ്
ശ്രീകണ്ഠപുരം - കൂട്ടുംമുഖം - ചുണ്ടപ്പറമ്പ്- ചെമ്പേരി റോഡ് വീതികൂട്ടി നവീകരിക്കാനായി ആസൂത്രണം ചെയ്ത പദ്ധതികളൊന്നും നടപ്പായില്ല. 1995 -ൽ കെ.സി.ജോസഫ് എം.എൽ.എ. ആയിരുന്ന കാലത്ത് ചുണ്ടക്കുന്ന് ഭാഗത്തെ കയറ്റം കുറക്കാൻ പദ്ധതി ആസൂത്രണം ചെയ്ത് ശിലാസ്ഥാപനം നടത്തിയിരുന്നു.എന്നാൽ പദ്ധതി പ്രവർത്തികമായില്ല. വർഷങ്ങളോളം ചർച്ച ചെയ്യപ്പെട്ട ഈ പദ്ധതിയും ബജറ്റിൽ ടോക്കൺ പദ്ധതികളിലെ സ്ഥിരം സാന്നിധ്യമാണ്.
ആനയടിപ്പാലം
ചന്ദനക്കാംപാറ - മാന്തോട്- ഏറ്റുപാറ റോഡിലെ ആനയടിപ്പാലം തകർച്ചയുടെ അവസാന ഘട്ടത്തിലെത്തിയിട്ടും ഇത്തവണയും ടോക്കൺ മാത്രമാണ് അനുവദിച്ചത്. വർഷങ്ങൾക്ക് മുമ്പ് കർണാടക വനത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് ഈ പുഴയിലുണ്ടായ വെളളപ്പൊക്കത്തിലും കുത്തൊഴുക്കിലും പാലത്തിന്റെ നടുഭാഗത്തെ തുണിന് ക്ഷതം സംഭവിക്കുകയും മുകളിലെ സ്ലാബിൽ വിള്ളലുണ്ടാകുകയും ചെയ്തു. ഇതിനു ശേഷം അപകടാവസ്ഥയിലായ പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുന്നതിന് നിരോധനവും ഏർപ്പെടുത്തി. അൽപം ചെരിഞ്ഞ നിലയിലാണ്.
വണ്ണായിക്കടവ് പാലം
1982-ലാണ് വണ്ണായിക്കടവിൽ പാലം നിർമിച്ചത്. വണ്ണായിക്കടവ്, പൈസക്കരി,കുന്നത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ചെമ്പേരി, ആലക്കോട്, കുടിയാൻമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. ഈ പാലത്തിൽ ചെറിയ മഴയിൽ പോലും വെള്ളം കയറുന്നതും കൈവരികൾ തകരുന്നതും പതിവാണ്. 2023 -ൽ നിർമിച്ച കൈവരികളും നിലവിൽ തകർന്നു. ഇവിടെ ഉയരം കൂടിയ പുതിയ പാലം പണിയുകയോ അല്ലെങ്കിൽ നേരത്തെ എസ്റ്റിമേറ്റും ഡിസൈനുമടക്കം പൂർത്തിയായ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുകയോ വേണമെന്ന ആവശ്യവും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

