കനത്ത മഴയെ തുടർന്ന് റോഡ് ഒലിച്ചുപോയി
text_fieldsകുടിയാന്മല ചപ്പാത്തിൽ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ റോഡ്. സമീപത്ത് പുതുതായി നിർമിക്കുന്ന പാലവും കാണാം
ശ്രീകണ്ഠപുരം: കനത്ത മഴയിൽ കുടിയാന്മലയിൽ റോഡ് ഒലിച്ചുപോയി ഗതാഗതം മുടങ്ങി. പുലിക്കുരുമ്പ - കുടിയാന്മല റോഡിൽ ചപ്പാത്ത് പ്രദേശത്തെ റോഡാണ് ഒലിച്ചുപോയത്. ഇവിടെ തോടിനു കുറുകെ റോഡിന്റെ ഇരുഭാഗത്തെയും ബന്ധിപ്പിച്ച് പുതിയ പാലം നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിർമിച്ച സമാന്തര റോഡാണ് ശനിയാഴ്ച വൈകീട്ടോടെ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്.
ഇതോടെ കുടിയാന്മലയിൽ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊക്കമുള്ളിൽ നിന്നും ചെമ്പേരി വഴി തിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. തളിപ്പറമ്പിൽ നിന്നും വരുന്ന വാഹനങ്ങളും ചെമ്പേരി വഴിയാണ് കുടിയാന്മല ഭാഗത്തേക്ക് പോകേണ്ടത്.

