കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതി ആറുമാസത്തിനുശേഷം പിടിയിൽ
text_fieldsശ്രീകണ്ഠപുരം: മയ്യിൽ പൊലീസിെൻറ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതി ആറുമാസത്തിനു ശേഷം പിടിയിൽ. ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശിയും പാവന്നൂർ മൊട്ടയിൽ താമസക്കാരനുമായ കുനിയൻ കുന്നുമ്മൽ ആഷിഖിനെയാണ് (36) മയ്യിൽ എസ്.ഐമാരായ അബ്ദുൽ ജബ്ബാർ, സുരേഷ് ബാബു എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.രഹസ്യവിവരത്തെ തുടർന്ന് പാവന്നൂരിലെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകീട്ടോടെ ആഷിഖിനെ പിടികൂടിയത്.
ഒരു കേസിൽപെട്ട ആഷിഖിനെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും കഴിഞ്ഞ ഒക്ടോബർ 10ന് പുലർച്ച 1.40 ന് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവം അന്ന് ഏറെ വിവാദമാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടി നീക്കവും തുടങ്ങിയിരുന്നു. പലയിടത്തും പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം ആഷിഖ് ഭാര്യവീട്ടിലെത്തിയത്. ആഷിഖിനെതിരെ മയ്യിൽ പൊലീസ് സ്റ്റേഷനിൽ മാത്രം അഞ്ച് കേസുകളുണ്ട്.
കൂടാതെ മട്ടന്നൂർ, എടക്കാട് സ്റ്റേഷനുകളിലും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.