ദേശീയപാത നിർമാണത്തിന് മണ്ണെടുക്കുന്നു; മലപ്പട്ടം റോഡിൽ ചളി നിറഞ്ഞ് അപകടങ്ങൾ പതിവാകുന്നു
text_fieldsമലപ്പട്ടം മുനമ്പ് കടവ് പാലത്തിന് സമീപം റോഡിലെ ചളിയിൽ തെന്നിവീണുണ്ടായ അപകടം
ശ്രീകണ്ഠപുരം: മലപ്പട്ടം മുനമ്പ് കടവ് ഭാഗത്ത് ദേശീയപാത നിർമാണത്തിനായി മണ്ണെടുക്കുന്നതിനാൽ റോഡിൽ ചളി നിറഞ്ഞ് അപകടങ്ങൾ പതിവാകുന്നു. മലപ്പട്ടം വെസ്റ്റ്ഹിൽ ഭാഗം മുതൽ മുനമ്പ്കടവ് വരെയുള്ള റോഡിൽ ചളിമണ്ണ് ഒഴുകുന്ന അവസ്ഥയാണ്. മഴ പെയ്തതോടെ ചളി നിറഞ്ഞ് വാഹനങ്ങൾ പതിവായി തെന്നി വീണ് അപകടമുണ്ടാകുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപെടുന്നത്. വാഹനങ്ങൾ ബ്രേക്ക് പിടിച്ച് നിർത്താൻ കഴിയുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു.
ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായാണ് ഇവിടെനിന്ന് മണ്ണെടുക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. നിലവിലുള്ള റോഡിനെക്കാളും താഴ്ചയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. സമീപത്തെ വീടുകൾക്കും മണ്ണെടുപ്പ് ഭീഷണിയാകുന്നുണ്ട്. കൂടുതൽ അപകടങ്ങളുണ്ടാകും മുമ്പ് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

