വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsജോസഫ് ഡാനിയല്‍
ശ്രീകണ്ഠപുരം: ജോലി വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാളെ ശ്രീകണ്ഠപുരം എസ്.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയല്‍ (51) ആണ് പിടിയിലായത്. ചെമ്പന്തൊട്ടി സ്വദേശി ജിനീഷ് ജോര്‍ജിന്റെ പരാതിയിലാണ് അറസ്റ്റ്. ജിനീഷ് ജോര്‍ജിന്റെ ഭാര്യക്ക് അമേരിക്കയില്‍ നഴ്സിങ് ജോലി വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാര്‍ച്ച് മാസം നാലര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ശ്രീകണ്ഠപുരം മേഖലയില്‍ മാത്രം ജോസഫ് ഡാനിയല്‍ സമാനരീതിയില്‍ ആറോളം പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ്, ഉളിക്കല്‍, ഇരിട്ടി എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കോഴിക്കോട്, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലും വിസ തട്ടിപ്പ് കേസില്‍ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് തട്ടിപ്പിലൂടെ കൈക്കലാക്കിയത്.
ഏറെനാൾ സിംഗപ്പൂരിലും ഗൾഫിലും ഉണ്ടായിരുന്ന ജോസഫ് ഡാനിയൽ നാട്ടിലെത്തിയ ശേഷമാണ് തട്ടിപ്പുകൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സീനിയര്‍ സി.പി.ഒമാരായ സി.വി രജീഷ്, കെ. സജീവൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

